ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയ്ക്ക് 6ജി ലഭിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ തുടങ്ങും. ഇതിനിടെയാണ് മോദിയുടെ 6ജി പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ഗ്രാന്‍ഡ് ഫിനാലെയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6ജി സേവനങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ 2022 ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോളിലൂടെയാണ് പങ്കെടുത്തത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രധാന നഗര, ഗ്രാമപ്രദേശങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി വൈഷ്ണവ് പറഞ്ഞു. 5ജി സേവനങ്ങള്‍ ചെലവുകുറഞ്ഞതും വ്യാപകമായി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി.
അടുത്തിടെ പൂര്‍ത്തിയായ സ്പെക്ട്രം ലേലത്തില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡേറ്റ നെറ്റ്വര്ക്കുകള്, വോഡഫോണ്‍ ഐഡിയ എന്നിവയാണ് 5ജി സേവനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത്. പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 5ജി യുടെ വേഗത്തിലുള്ള വിന്യസിക്കലിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഭംഗിയായി നടക്കുന്നുണ്ടെന്ന് വൈഷ്ണവ് പറഞ്ഞു.