തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വ്യാഴാഴ്ച്ച മുതല്‍ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി. മൂന്നു മാസത്തിനുള്ളില്‍ 1557 പദ്ധതികള്‍ പൂര്‍ത്തയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സുപ്രധാനമായ മൂന്നു മേഖലകളില്‍ സമഗ്രപദ്ധതികളാണ് നടപ്പാക്കുക. ഇതിനായി 17183 കോടി രൂപ വകയിരുത്തി. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങള്‍ അധികവും നിര്‍മാണ മേഖലയിലാകും.
കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെ-ഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ലൈഫ് മിഷന് വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം ഈ ഘട്ടത്തില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തൊട്ടാകെ വാതില്‍പ്പടി സേവനം ആരംഭിക്കും. അതിദാരിദ്ര്യ സര്‍വ്വേ മൈക്രോപ്ലാന്‍ പ്രസിദ്ധീകരിക്കും.
എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകള്‍ തുറക്കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്ന പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂരഹിതരായ 15,000 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഭൂമിയുടെ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ തുടങ്ങും.