തിരുവനന്തപുരം: പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ മുതലായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണു സൃഷ്ടിക്കുക. ഒരു ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇന്‍സ്പെക്ടര്‍മാര്‍, 29 എസ്ഐമാര്‍, 73 വീതം എസ്സിപിഒ, സിപിഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകള്‍.