ന്യൂഡല്‍ഹി: യുപിയിലെ 55 മണ്ഡലങ്ങള്‍ക്കു പുറമേ ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. യുപിയിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പാണിത്. ഗോവയിലും ഉത്തരാഖണ്ഡിലും ഒറ്റഘട്ടമാണ്. യുപിയില്‍ ഈ റൗണ്ടില്‍ 9 ജില്ലകളിലായി 586 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
സമാജ്വാദി പാര്‍ട്ടി നേതാവ് അബ്ദുല്ല അസംഖാന്, യുപി ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന എന്നിവരാണ് ഈ റൗണ്ടില്‍ മത്സരിക്കുന്ന പ്രമുഖര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ 55 സീറ്റുകളില്‍ 38 എണ്ണവും ബിജെപിയാണ് വിജയിച്ചത്. 15 എണ്ണം എസ്പിയും രണ്ടെണ്ണം കോണ്‍ഗ്രസും. സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ബിജെപി മന്ത്രി ധരം സിങ് സയ്നിയും ജനവിധി തേടുന്നുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ 70 മണ്ഡലങ്ങളിലായി 632 സ്ഥാനാര്‍ഥികളുണ്ട്. വോട്ടര്‍മാരുടെ എണ്ണം 81 ലക്ഷമാണ്. ഉത്തരാഖണ്ഡ് സംസ്ഥാനം പിറവിയെടുത്ത ശേഷമുള്ള അഞ്ചാമത് സംസ്ഥാന തിരഞ്ഞെടുപ്പാണിത്. മാര്‍ച്ച് 10ന് ഫലമറിയാം.
ഗോവയില്‍ ബിജെപി-കോണ്‍ഗ്രസ് പോരിനിടെ ഒട്ടേറെ സീറ്റുകളില്‍ നിര്‍ണായകമായി ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുണ്ട്. 40 സീറ്റുകളിലേക്ക് 301 സ്ഥാനാര്‍ഥികളാണുള്ളത്. ആദ്യമായി 40 സീറ്റുകളിലും ബിജെപി മത്സരിക്കുന്നു. കോണ്‍ഗ്രസ് 37ലും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി മൂന്നിടത്തുമാണ് മത്സരിക്കുന്നത്.