പത്തനംതിട്ട :സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി തിരുവനന്തപുരം- കാസര്‍കോട് റെയില്‍ പാതയില്‍ വേഗം കൂട്ടാന്‍ റെയില്‍വേ ബോര്‍ഡ് പദ്ധതി തയാറാക്കുന്നു. എന്നാല്‍, ദേശീയ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്. 5000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തു നടന്നു. തുടര്‍ചര്‍ച്ചകള്‍ക്കായി ബോര്‍ഡ് എന്‍ജിനീയിറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ വൈകാതെ കേരളത്തിലെത്തും.
കേരളത്തിലെ പാതകളില്‍ സാധ്യമായ സ്ഥലങ്ങളില്‍ 90, 100, 110, 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ചെറിയ വളവുകള്‍ നിവര്‍ത്തിയും സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയും വേഗം കൂട്ടാന്‍ കഴിയുന്ന ഇടങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ഷൊര്‍ണൂര്‍-കാസര്‍കോട് പാതയിലും ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാതയില്‍ കായംകുളം മുതല്‍ തുറവൂര്‍ വരെയും ചില സ്ഥലങ്ങളിലൊഴികെ 130 കിലോമീറ്ററായി വേഗം കൂട്ടാന്‍ കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തല്‍.
തിരുവനന്തപുരം- കായംകുളം സെക്ഷനില്‍ തിരുവനന്തപുരം-മുരുക്കുംപുഴ, പറവൂര്‍-കൊല്ലം, കരുനാഗപ്പള്ളി-കായംകുളം സെക്ഷനുകളും 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന തരത്തില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാതയില്‍ സാധ്യമാകുന്ന സ്ഥലങ്ങളില്‍ വേഗം 100 കിലോമീറ്ററാക്കും. വേഗം കൂട്ടാന്‍ ബുദ്ധിമുട്ടുള്ള എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ഇപ്പോഴുള്ള 80 ല്‍ നിന്നു വേഗം 90 കിലോമീറ്ററാക്കുന്നതു പരിഗണിക്കും.
എറണാകുളം- ഷൊര്‍ണൂര്‍ മൂന്നാം പാതയുടെ സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതു സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കും. 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന വളവു കുറഞ്ഞ പുതിയ അലൈന്‍മെന്റാണു മൂന്നാം പാതയ്ക്കായി കണ്ടെത്തിയിരിക്കുന്നത്.