തിരുവനന്തപുരം: ലൈസന്‍സില്ലാത്ത ശിശുക്ഷേമസമിതി നടത്തിയതു കുട്ടിക്കടത്തെന്ന് അനുപമ. സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനല്‍ കേസെടുക്കണം, പുറത്താക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കു കത്തുനല്ക്കും. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും അനുപമ പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നു തിരുവനന്തപുരത്ത് എത്തിക്കും. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളെയാണു കുഞ്ഞിനെ ഏല്പിച്ചിരുന്നത്. ഇവരില്‍നിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും ഉള്‍പ്പെടുന്ന സംഘം ഇന്നു തിരുവനന്തപുരത്ത് എത്തും.
ഉദ്യോഗസ്ഥ സംഘത്തിന് കുഞ്ഞിനെ കൈമാറാന്‍ വിജയവാഡയിലെ ദമ്പതികള്‍ ആദ്യം വിസമ്മതമറിയിച്ചിരുന്നു. കോടതി നിര്‍ദേശിക്കാതെ കുഞ്ഞിനെ വിട്ടുനല്കുന്നതിലായിരുന്നു ഇവരുടെ ആശങ്ക. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയ ശേഷമാണു സമ്മതിച്ചത്. കുഞ്ഞുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആരോപണങ്ങളിലും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു.
കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാലുടന്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിക്കും. പരാതിക്കാരായ അനുപമ എസ്.ചന്ദ്രന്, അജിത്ത് കുമാര്‍ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോട്ടിസ് നല്‍കും. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞാണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെയാകും അവര്‍ക്കു വിട്ടു കൊടുക്കുക. അതുവരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കായിരിക്കും കുഞ്ഞിന്റെ സംരക്ഷണ ചുമതല.