പാളയം: ഡിഎന്‍എ ഫലം വന്നതിനു പിന്നാലെ സിഡബ്ലുസിയുടെ അനുമതിയോടെ പാളയത്തെ നിര്‍മല ശിശുഭവനിലെത്തി അനുപമ കുഞ്ഞിനെയും കണ്ടു. പിറന്നുവീണു മൂന്നാംനാള്‍ ‘കാണാതായ’ കുഞ്ഞിനെ ഒരു വര്‍ഷത്തിനു ശേഷം ആദ്യം കണ്ടപ്പോള്‍ അനുപമയുടെ ഹൃദയത്തില്‍ ഒരു കടലിളകി. അമ്മയ്ക്കും കുഞ്ഞിനും മാത്രമറിയാവുന്ന നിഗൂഢഭാഷയില്‍ അവരിരുവരും വര്‍ത്തമാനം പറഞ്ഞു. ആ സ്നേഹത്തിന്റെ ആഴം കണ്ടപ്പോള്‍, കൂടെയുണ്ടായിരുന്നവരുടെ മനസ്സും വിങ്ങിപ്പൊട്ടി. ”സന്തോഷം, പറഞ്ഞറിയാക്കാനാകാത്ത സന്തോഷം. ഒന്നും പറയാന്‍ പറ്റുന്നില്ല.”- ഡിഎന്‍എ ഫലം പുറത്തുവന്നശേഷം അനുപമയുടെ ആദ്യ പ്രതികരണം ഇങ്ങനെ.
രാജ്യം ശിശുദിനം ആഘോഷിച്ച വേളയില്‍, എവിടെയാണെന്നു പോലും അറിയാത്ത തന്റെ കുഞ്ഞിനെ തിരികെ കിട്ടാന്‍ തൈക്കാട് ശിശുക്ഷേമ സമിതി ഓഫിസിനു മുന്നില്‍ സമരത്തിലായിരുന്നു അനുപമ. തണലായി ഒരു ടാര്‍പോളിന്‍ വലിച്ചു കെട്ടാന്‍ പോലും പൊലീസ് അനുമതി നല്‍കിയില്ല. പെരുമഴയത്തു മഴക്കോട്ടു ധരിച്ചും മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ഇരുന്നുമായിരുന്നു പ്രതിഷേധം. ആരാണ് ഈ അമ്മയെ മഴയത്തു നിര്‍ത്തുന്നത് എന്ന ചോദ്യത്തിന് അധികൃതരാരും വ്യക്തമായ മറുപടി നല്‍കിയില്ല.
അമ്മമാര്‍ക്കു നിഷേധിക്കപ്പെട്ട നീതിയുടെ ചരിത്രത്തില്‍, കുഞ്ഞിനെ തിരികെക്കിട്ടാന്‍ പോരാടിയ അനുപമയുടെ വേദനയും കൂടി ഇടം നേടും. കവി കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയിലും അനുപമ കഥാപാത്രമായി. ‘തരികെന്റെ കുഞ്ഞിനെ, കീറാതെ മുറിക്കാതെ, തരികെന്റെ കുഞ്ഞിനെ എന്നു സോളമന്റെ കോടതിയില്‍ ഒരമ്മ. തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് അന്ന അഖ്മതോവ. തരികെന്റെ കുഞ്ഞിനെ എന്ന് പൂതപ്പാട്ടിലെ അമ്മ. തരികെന്റെ കുഞ്ഞിനെ എന്ന് ഈച്ചരവാരിയര്‍. തരികെന്റെ കുഞ്ഞിനെ എന്ന് വാളയാറിലെ അമ്മ. തരികെന്റെ കുഞ്ഞിനെ എന്ന് അനുപമയും…
സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അച്ഛന് പി.എസ്.ജയചന്ദ്രന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നല്കി 6 മാസത്തിനു ശേഷമാണു മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. അനുപമയുടെ പരാതിയും കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്നുള്ള പൊലീസ് വീഴ്ചയും വിവാദമായതിനു പിന്നാലെ വനിതാ കമ്മിഷനും കേസെടുത്തു. അനുപമയ്ക്കും ഡിവൈഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നാണ് ആണ്‍കുഞ്ഞ് ജനിച്ചത്.
അജിത് വേറെ വിവാഹിതനായിരുന്നതിനാല്‍ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിര്‍ത്തിരുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അനുപമ വഴങ്ങിയില്ല. പ്രസവശേഷം 2020 ഒക്ടോബര്‍ 22ന് വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയില്‍വച്ചു കുഞ്ഞിനെ തട്ടിയെടുക്കുകയും തന്നെ മറ്റൊരിടത്തു വീട്ടുതടങ്കലിലാക്കുകയും ചെയ്തെന്നാണ് അനുപമയുടെ പരാതി. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്കു കൈമാറി.