കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റില്‍ ഉള്‍പ്പെടെ പാകപ്പിഴകളുണ്ടെന്ന് ഡോ. ഇ. ശ്രീധരന്‍. സംസ്ഥാന താത്പര്യങ്ങള്‍ക്കു വിരുദ്ധമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ റെയില്‍വേ ലൈനിനു സമാന്തരമായാണ് തിരൂര്‍മുതല്‍ കാസര്‍കോട് വരെ ഇതിന്റെ അലൈന്‍മെന്റ്. ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുമെന്നതിനാല്‍ റെയില്‍വേ ഇതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. 140 കിലോമീറ്റര്‍ കടന്നുപോകുന്നത് നെല്‍പ്പാടങ്ങളിലൂടെയാണ്. അതിവേഗ പാതയ്ക്ക് ഇത് ഗുണകരമല്ല.
എല്‍.ഡി.എഫില്‍ത്തന്നെ പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. 2010-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി 2016-ല്‍ തടഞ്ഞത് ആരാണെന്നു ചിന്തിക്കണം.
റെയില്‍വേ ബോര്‍ഡിനെ മറികടന്ന് പദ്ധതിച്ചെലവ് മുഴുവന്‍ വഹിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനം വലിയ അബദ്ധമാണ്. പ്രതിപക്ഷകക്ഷികള്‍ സംസ്ഥാനത്തെ വികസനപദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങള്‍ക്കു വിരുദ്ധമായതിനാലാണ് ഈ പദ്ധതിയെ ബി.ജെ.പി. എതിര്‍ക്കുന്നതെന്നും ശ്രീധരന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ നിലവിലെ പാതയില്‍നിന്ന് അകന്നാകുന്നതാണ് ഗുണകരം. ഉയരത്തിലോ അടിപ്പാതയായോ നിര്‍മിക്കാം. ലോകത്തൊരിടത്തും അതിവേഗ, അര്‍ധാതിവേഗ പാതകള്‍ തറനിരപ്പില്‍ നിര്‍മിച്ചിട്ടില്ല. സില്‍വര്‍ ലൈനിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ റെയില്‍വേ അംഗീകരിച്ചിട്ടില്ല. മറ്റുള്ളവര്‍ കടക്കുന്നത് തടയാന്‍ ട്രാക്കിന്റെ ഇരുവശത്തും വലിയ മതില്‍ നിര്‍മിക്കേണ്ടിവരും. ഇത് കേരളത്തെ രണ്ടായി വിഭജിക്കും.
വരുമാനം എന്ന ലക്ഷ്യത്തോടെ സില്‍വര്‍ ലൈനില്‍ രാത്രിയില്‍ റോ-റോ സര്‍വീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണി നടത്തേണ്ടത് രാത്രിയിലായതിനാല്‍ ഇത് സാധ്യമാകില്ല. പദ്ധതിക്ക് അത്യാവശ്യമായ സര്‍വേ പൂര്‍ത്തിയാക്കിയിട്ടില്ല. ഗതാഗത സര്‍വേ, ജിയോ ടെക്നിക്കല്‍ സര്‍വേ, സാമൂഹികാഘാത പഠനം, പരിസ്ഥിതി പഠനം എന്നിവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പദ്ധതി രൂപരേഖ.
പദ്ധതിച്ചെലവ്, ഉദ്ദേശിക്കുന്ന യാത്രക്കാരുടെ എണ്ണം എന്നിവയൊന്നും വിശ്വസനീയമല്ല. പദ്ധതി രൂപരേഖ പൊതു ഇടത്തില്‍ ലഭ്യമാക്കിയിട്ടില്ല. പദ്ധതിയുടെ ഭാഗമായി 20,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. സില്‍വര്‍ ലൈനിന് 75,000 കോടി ചെലവാകുമെന്നാണ് കരുതുന്നത്. പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 1.10 ലക്ഷം കോടിയാകും.
2025-ല്‍ സില്‍വര്‍ ലൈന്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രോജക്ട് ഏജന്‍സിയായ കെ.ആര്‍.ഡി.സി.എല്‍. പറയുന്നത്. അറിവില്ലായ്മയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ മികച്ച ഏജന്‍സിയായ ഡി.എം.ആര്‍.സി.ക്കുപോലും പദ്ധതി പൂര്‍ത്തിയാക്കാന്‍ എട്ടുമുതല്‍ 10 വരെ വര്‍ഷം വേണ്ടിവരും. ഏല്‍പ്പിച്ച 27 മേല്‍പ്പാലങ്ങളില്‍ ഒരെണ്ണത്തിന്റെപോലും നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കെ.ആര്‍.ഡി.സി.എലിനു കഴിഞ്ഞിട്ടില്ല.