അബുദാബി: യുഎഇയുടെ 50-ാം വാര്‍ഷികവും ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ആസാദിക അമൃത മഹോത്സവും പ്രമാണിച്ച് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ (ഐ.എസ്.സി) ലോക റെക്കോര്‍ഡ് പ്രകടനം. ആര്‍ട്ടിസ്റ്റ് ശരണ്‍സ് ഗുരുവായൂര്‍ ആണ് ഭരണാധികാരികളുടെ ഏറ്റവും വലിയ ചിത്രം വരച്ച് ലോക റെക്കോര്‍ഡ് മറികടക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ ഛായാചിത്രങ്ങള്‍ ഓയില്‍ പെയിന്റിങില്‍ തീര്‍ത്താണ് ലോക റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമിക്കുന്നത്.
35 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് അഭയം നല്കിയ യുഎഇയുടെ ദേശീയ ദിനത്തില്‍ ഇന്ത്യക്കാരുടെ ഐക്യദാര്‍ഢ്യം ചിത്രത്തിലൂടെ അറിയിക്കുകയാണെന്ന് ശരണ്‍സ് പറഞ്ഞു. ഇന്നലെ വരച്ചു തുടങ്ങിയ ശരണ്‍സ് ഈ മാസം 30ന് ചിത്രം പൂര്‍ത്തിയാക്കും.
2019ല്‍ ആദ്യമായി യുഎഇയിലെത്തിയപ്പോള്‍ മനസിന്റെ കാന്‍വാസില്‍ ഇടംപിടിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഏറ്റവും വലിയ ചിത്രം വരച്ച് 2020ല്‍ ശരണ്‍സ് ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. സഹായികളില്ലാതെ ഒരാള്‍ മാത്രം വരയ്ക്കുന്ന ഏറ്റവും വലിയ ചിത്രത്തിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിടുകയാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ശരണ്‍സ് പറഞ്ഞു. ചൈനീസ് കലാകാരനായ ലി ഹാംഗ്യുവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് മറികടക്കുക.
ഡിസംബര്‍ 2 മുതല്‍ 5 വരെ ഐഎസ്സിയുടെ പ്രധാന ഹാളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മുതല്‍ 9 വരെയാണ് പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം. </p>
ആഘോഷത്തിന്റെ ഭാഗമായി ദേശീയ ദിനത്തില്‍ രാവിലെ 7 മുതല്‍ 9 വരെ കോര്‍ണിഷില്‍ 10 കിലോ മീറ്റര്‍ വാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിസംബര്‍ 10ന് രാവിലെ 9 മുതല്‍ 2 വരെ രക്തദാന ക്യാംപും ഉണ്ടായിരിക്കും. 50 വര്‍ഷത്തെ യുഎഇയുടെ പുരോഗതിയും വികസനവും പ്രമേയമാക്കി 2022 ജനുവരി 21ന് ചിത്രരചനാ മത്സരം ഒരുക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും അധികൃതരുടെ അനുമതിയോടെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഐഎസ്സി ജനറല്‍ സെക്രട്ടറി ജോജോ ജെ അംബുക്കന്‍, ഐഎസ്സി ആക്ടിങ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, ആക്ടിങ് ട്രഷറര്‍ ദിനേശ് പൊതുവാള് എന്നിവരും പങ്കെടുത്തു.