രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച ഐതിഹാസിക കര്‍ഷകപ്രക്ഷോഭത്തിന് ഇന്ന് ഒരുവര്‍ഷം

2 second read
0
0

ന്യൂഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച ഐതിഹാസിക കര്‍ഷകപ്രക്ഷോഭത്തിന് വെള്ളിയാഴ്ച ഒരുവര്‍ഷം തികയും. നിയമങ്ങള്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ സമരവാര്‍ഷികം ആഘോഷമാക്കാന്‍ ആയിരക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തി. രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും അരങ്ങേറുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികളായ സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ വാര്‍ഷികപരിപാടികള്‍ നടക്കും. മറ്റു സംസ്ഥാനങ്ങളില്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രധാന ദേശീയപാതകള്‍ ഉപരോധിക്കും. തമിഴ്നാട്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കും. റായ്പുരിലും റാഞ്ചിയിലും ട്രാക്ടര്‍ റാലികളുണ്ടാവും. കൊല്‍ക്കത്തയില്‍ റാലി നടക്കുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ റദ്ദാക്കിയ ശേഷവും വിളകള്‍ക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന് കേന്ദ്രത്തിന്റെ ഉറപ്പും ലഭിച്ചെങ്കിലേ അതിര്‍ത്തികളില്‍നിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം. 2020 ജൂണ്‍ അഞ്ചിന് കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തതിനെ ത്തുടര്‍ന്നാണ് കര്‍ഷകപ്രക്ഷോഭത്തിന്റെ തുടക്കം. ജൂണ്‍ ആറിന് കിസാന്‍സഭ ഓര്‍ഡിനന്‍സ് കോപ്പികള്‍ കത്തിച്ച് പ്രതിഷേധിച്ചു. ഓഗസ്ത് ഒമ്പതിന് 250 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഓള്‍ ഇന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭവും സംഘടിപ്പിച്ചു. പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകതാ-ഉഗ്രഹാന്‍) ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.

സെപ്റ്റംബറില്‍ ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കി കാര്‍ഷികനിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കര്‍ഷകരോഷം തിളച്ചുമറിഞ്ഞു. കര്‍ഷകസംഘടനകള്‍ പരസ്പരഭിന്നത മറന്ന് ഒക്ടോബര്‍ 27-ന് ഡല്‍ഹിയിലെ റക്കബ്ഗഞ്ജ് ഗുരുദ്വാരയില്‍ കര്‍ഷകസമ്മേളനം വിളിച്ചുചേര്‍ത്തു. ഈ യോഗത്തില്‍ അഞ്ഞൂറ് കര്‍ഷകസംഘടനകളുമായി സംയുക്ത കിസാന്‍ മോര്‍ച്ച എന്ന സമരമുന്നണി പിറവിയെടുത്തു. ഈ മോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം നവംബര്‍ 26-ന് ഡല്‍ഹി ചലോ മാര്‍ച്ചും തുടര്‍ന്ന് ഇപ്പോഴും തുടരുന്ന ഉപരോധവും.

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…