ന്യൂഡല്‍ഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോര്‍ട്ട് 2015-16 ലെ സര്‍വേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ് തയാറാക്കിയത്. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്കരിക്കുമെന്നു നിതി ആയോഗ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഭരണനേട്ടമെന്ന നിലയില്‍ നടത്തിയ അവകാശവാദം തെറ്റെന്ന് തെളിഞ്ഞു.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത് 2016 ലാണ്. അതിനു മുന്‍പുള്ള സര്‍വേ പ്രകാരം തയാറാക്കിയ സൂചികയിലെ നേട്ടത്തില്‍ എല്‍ഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കുന്നതാണ് രേഖകള്‍.
നിതി ആയോഗ് പുറത്തിറക്കിയ ദാരിദ്ര്യ സൂചികയില്‍ (എംപിഐ) ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവയാണ് ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങള്‍. കണക്കുകള്‍ പ്രകാരം ബിഹാറിലെ ജനസംഖ്യയുടെ 51.91 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ജാര്‍ഖണ്ഡില്‍ ഇത് 42.16 ശതമാനവും ഉത്തര്‍ പ്രദേശില്‍ 37.79 ശതമാനവുമാണ്.