കൊച്ചി: കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പുര്‍ എയര്‍ലൈന്‍സ്.നവംബര്‍ 30 മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ 3 വിമാന സര്‍വീസുകള്‍ ഉണ്ടാകും. രാത്രി 10.15 ന് സിംഗപ്പുരില്‍ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും. പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.
സിംഗപ്പുരില്‍ നിന്ന് എത്തുന്നവര്‍ കൊച്ചി വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീനുണ്ട്. എട്ടാംദിനം വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പോസിറ്റീവ് ആണെങ്കില്‍ ക്വാറന്റീന് തുടരണം.
കൊച്ചിയില്‍ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അറിയിച്ചു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ക്കു കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.