ദുബായ്: ഏഴു പേര്‍ക്ക് പരുക്കേറ്റതായി ദുബായ് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച മുതലുള്ള അപകടങ്ങളാണ് കണക്കാക്കിയത്. ട്രാഫിക് നിയമം ലംഘിച്ചതിനാലാണ് അപകടങ്ങളെല്ലാം ഉണ്ടായതെന്ന് ദുബായ് ട്രാഫിക് പൊലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റിലെ ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സാലെം ബിന്‍ സുവൈദാന്‍ പറഞ്ഞു.
ദുബായ്-അല്‍ ഐന്‍ റോഡില്‍ ഔട്ലെറ്റ് മാളിന് മുന്‍പിന്‍ വ്യാഴാഴ്ചയായിരുന്നു ആദ്യ അപകടം. വാഹനങ്ങള്‍ നിശ്ചിത അകലം പാലിക്കാത്തതിനാല്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, ട്രക്കിന് നിസാര കേടുപാടുകളേ സംഭവിച്ചുള്ളൂ.
ഇതേ ദിവസം വൈകിട്ട് ഹെസ്സ റോഡില്‍ മോട്ടോര്‍സിറ്റി ക്രോസ് റോഡില്‍ മോട്ടോര്‍ സൈക്കിള്‍ റെഡ് ലൈറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. മോട്ടോസൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് സാരമായ പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഓടിച്ച കാര്‍ ഹാപ്പിനസ് റോഡില്‍ ഏഷ്യന്‍ വനിതയെ ഇടിച്ചുവീഴ്ത്തിയതാണ് മൂന്നാമത്തെ അപകടം. വനിതയ്ക്ക് ഗുരുതര പരുക്കേറ്റു.
അവീര്‍ റോഡില്‍ ഡ്രാഗന്‍ മാര്‍ട്ടിന് മുന്നിലായി രാവിലെ തന്നെ നടന്ന നാലാമത്തെ അപകടത്തില്‍ വാഹനം റോഡില്‍ നിന്ന് തെന്നി സിമന്റ് ബാരിയറിലിടിക്കുകയായിരുന്നു. അഞ്ചാമത്തെ അപകടത്തിലും മോട്ടോര്‍സൈക്കിള്‍ തന്നെയാണ് ഉള്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നി സിമന്റ് ബാരിയറിലിടിച്ച മോട്ടോര്‍സൈക്കില്‍ ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതര പരുക്കേറ്റു.
ശനിയാഴ്ച രാവിലെ ബിസിനസ് ക്രോസിങ് പാലത്തിന് നേരെ പോകുന്നിടത്ത് മിനാ ജബല്‍ അലി റോഡിലും അല്‍ ഖൈല്‍ റോഡിലുമാണ് ആറാമത്തേയും ഏഴാമത്തേയും അപകടങ്ങള്‍. ചെറിയ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചതാണ് ആദ്യത്തേത്. രണ്ടിന്റെയും ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു. മതിയായ അകലം പാലിക്കാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കേണല്‍ ബിന്‍ സുവൈദാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.