പന്തളം: വീട് ശുചീകരിക്കാന്‍ വന്ന ജോലിക്കാരിയെ മദ്യം നല്‍കി വശത്താക്കാനും പീഡിപ്പിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മങ്ങാരം മുട്ടാര്‍ യക്ഷിവിളക്കാവിന് സമീപം പഞ്ചവടിയില്‍ ജി. അനിലിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഓച്ചിറയ്ക്ക് സമീപം ചൂനാട് ദന്തല്‍ ക്ലിനിക്ക് നടത്തുന്ന അനില്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇയാള്‍ മൂന്നു വട്ടം വിവാഹിതനായിട്ടുണ്ട്. ഭാര്യമാരെല്ലാം ഇയാളുടെ പീഡനം കാരണം ബന്ധം വേര്‍പിരിഞ്ഞ് പോയവരാണ്.
മദ്യപിച്ചു കഴിഞ്ഞാല്‍ ഇയാള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണ്. മുന്‍പുംഇത്തരം പെരുമാറ്റം രോഗികള്‍ അടക്കമുള്ളവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സുഹൃത്തായ ഡോക്ടര്‍ അവരുടെ വീട്ടില്‍ ജോലിക്ക് വരുന്ന, ഭര്‍ത്താവ് മരിച്ച യുവതിയെയാണ് ഞായറാഴ്ച രാവിലെ അനിലിന്റെ വീട് ശുചീകരിക്കുന്നതിനായി പറഞ്ഞു വിട്ടത്. പന്തളം ടൗണില്‍ നിന്ന് ജോലിക്കാരിയെ ഇയാള്‍ തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ഗേറ്റും വീടിന്റെ കതകുമെല്ലാം ഇയാള്‍ കുറ്റിയിട്ടു. തുടര്‍ന്ന് മദ്യപിച്ച് മദോന്മത്തനായി. ഇതിനിടെ ഒരു ഗ്ലാസ് മദ്യവും ഒഴിച്ച് ജോലിക്കാരിയെ സമീപിച്ചു.
അവര്‍ കുടിക്കാന്‍ തയാറായില്ല. ഇതും കുടിച്ച ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അടുത്ത് ചെന്ന് കടന്നു പിടിക്കുകയും അപമാനിക്കുകയും ആയിരുന്നു. യുവതി ഇയാളെ തള്ളി മാറ്റി പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ തന്നെ പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ട ഡോക്ടറുടെ വീട്ടിലെത്തി വിവരം പറഞ്ഞു. ഡോക്ടറുടെ സഹോദരന്‍ ഈ വിവരം ചോദിക്കാന്‍ അനിലിന്റെ വീട്ടിലെത്തി. അനില്‍ അയാളെ മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തു. നാട്ടുകാരെയും കൂട്ടി പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ സ്റ്റേഷനിലും അക്രമത്തിന് തുനിഞ്ഞു. രാത്രി തന്നെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഓ എസ്. ശ്രീകുമാര്‍, എസ്ഐമാരായ സികെ വേണു, ഡി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.