
മഞ്ചേശ്വരം :കാസര്‍കോട് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുന്‍പാകെ ഹാജരാകാം എന്ന് സുരേന്ദ്രന്‍ അറിയിച്ചിരുന്നു
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.