തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, ‘ഹൈ റിസ്ക്’ രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്.ടി.പി.സി.ആര്. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും.
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിര്‍ദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കില്‍ സാംപിള്‍ തുടര്‍പരിശോധനയ്ക്ക് അയക്കും. അവര്‍ തുടര്‍ചികിത്സയ്ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയരാകണം.
ഏഴുദിവസത്തെ ക്വാറന്റീന് നിര്‍ദേശിച്ചിട്ടുള്ളത് 12 വിഭാഗം രാജ്യങ്ങളില്‍നിന്ന് (ഹൈ റിസ്ക് രാജ്യങ്ങള്‍) നാട്ടിലെത്തുന്നവര്‍ക്കാണ്. യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വേ, സിങ്കപ്പൂര്‍, ഹോങ് കോങ്, ഇസ്രയേല്‍ എന്നിവയാണവ.
ഈ രാജ്യങ്ങളില്‍നിന്നെത്തുന്ന എല്ലാവര്ക്കും വിമാനത്താവളത്തില്‍ ആര്.ടി.പി.സി.ആര്. പരിശോധനയുണ്ടാകും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനു ശേഷം എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കില്‍ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിള്‍ ജനിതക േശ്രണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സിക്കും.