ന്യൂഡല്‍ഹി: സംശയാസ്പദമായ ചില കോവിഡ് കേസുകളുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനു വിട്ടതല്ലാതെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒമിക്രോണ്‍ പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. ലോകവ്യാപകമായി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടല്ല. സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. മുന്‍കരുതലും ജാഗ്രതയും തുടരണമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഒമിക്രോണ്‍ സാന്നിധ്യം ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാമെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ സ്വീകരിച്ച ജാഗ്രതാ നടപടികള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി.പരിശോധനകള്‍ വര്‍ധിപ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. ഓക്സിജനടക്കം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പരമാവധി സംഭരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഉത്തരാഖണ്ഡില്‍ വിദേശത്തു നിന്നെത്തിയ14 പേരെ നിരീക്ഷണത്തിലാക്കി. ഇവരില്‍ 6 പേര് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിതരെ ചികിത്സിക്കുന്നതിന് ലോക്നായക് ആശുപത്രി പൂര്‍ണമായും മാറ്റി വച്ചതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. രാജ്യാന്തര സര്‍വീസുകള്‍ അടിയന്തരമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, നടപടി വൈകുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.