പമ്പ: ആന്ധ്രയില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് വന്ന സംഘത്തിലെ യുവാവിനെ സംശയം തോന്നി പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ പുരുഷനായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തി സ്ത്രീ ആയതാണെന്നും കണ്ടെത്തി.
ബുധന്‍ രാവിലെ 11 മണിയോടെ നിലയ്ക്കലിലാണ് സംഭവം. ആന്ധ്രയില്‍ നിന്നുള്ള സംഘത്തോടൊപ്പം വന്നയാള്‍ താഹിര്‍ എന്നാണ് പേരെന്നും 19 വയസുണ്ടെന്നും പൊലീസിനോട് പറഞ്ഞു. സംശയം തോന്നി മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് ശസ്ത്രക്രിയയിലുടെ പെണ്ണായി മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. മുംതാസ് എന്നാണ് പേരെന്നും മനസിലാക്കി. ഇവര്‍ക്കൊപ്പം വന്നവരെ ദര്‍ശനത്തിന് അയച്ചു. തുടര്‍ന്ന് ദര്‍ശനം നടത്താത്തതിന്റെ മനോവിഷമത്തില്‍ ഇവര്‍ ഇടതുകൈയില്‍ ബ്ലേഡ് കൊണ്ട് അയ്യപ്പ എന്ന് ഇംഗ്ലീഷില്‍ എഴുതി. ഉടന്‍ തന്നെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം വന്നവര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അവരുടെ കൂടെ വിട്ടയയ്ക്കുമെന്നാണ് പൊലീസ് പറയുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദര്‍ശനം നടത്തുന്നതിന് നിലവില്‍ തടസമില്ല. ഇത്തരക്കാരെ ദര്‍ശനത്തിന് കയറ്റി വിടുന്ന പതിവുമുണ്ട്. എന്നാല്‍ താഹിര്‍ എന്ന് പറയുന്നയാള്‍ ശസ്ത്രക്രിയ നടത്തി പെണ്ണായതിനാലുളള ആശയക്കുഴപ്പമാണ് സംഭവിച്ചതെന്നാണ് പറയുന്നത്.