പത്തനംതിട്ട: ‘കെട്ടിയതു കോണ്‍ഗ്രസുകാര്‍തന്നെ സംശയമില്ല, പക്ഷേ ആ കൈകള്‍ ആരുടേതെന്നു കണ്ടുപിടിക്കാന്‍ പൊലീസ് വരണം’ – പുതിയ ഡിസിസി പ്രസിഡന്റിനെ പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയവരെ കണ്ടെത്താന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ അപൂര്‍ണമായി റിപ്പോര്‍ട്ട് അവസാനിപ്പിച്ചു. വിശദമായ ഫോണ്‍ കോള്‍ രേഖകളുടെ പരിശോധന, സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങിയവ പാര്‍ട്ടി കമ്മിഷന്റെ പരിധിയില്‍ വരാത്തതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് നിര്‍ദേശിച്ച് 6 പേജുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലിനും സമര്‍പ്പിച്ചു.
കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതോടെ പ്രതികളെ അറിയാമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഇതോടെ വിഫലമായി. കൊടികെട്ടിയ സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് പൊലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പ്രതികളെ അറിയാന്‍ കാത്തിരിക്കേണ്ടി വരും. പ്രതികള്‍ ആരായാലും പാര്‍ട്ടിയില്‍ കാണില്ലെന്നു പ്രഖ്യാപിച്ചാണ് അന്വേഷണം തുടങ്ങിയത്. ഡിസിസി പ്രസിഡന്റ് പദവി ആഗ്രഹിച്ച പലരെയും പ്രതിസ്ഥാനത്ത് നിര്‍ത്തി കരക്കമ്പികള്‍ ഒരുപാട് വന്നിരുന്നു. ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ഡിസിസി നേതാവ് ഏബ്രഹാം മാത്യു പനച്ചമൂട്ടിലിനെയും സതീഷ് ചാത്തങ്കേരി, ഏഴംകുള അജു എന്നിവരെ അന്വേഷണം ഏല്‍പ്പിച്ചതോടെ പ്രതികള്‍ വലയിലാകുമെന്ന് ഉറപ്പിച്ചതായിരുന്നു.
പക്ഷേ, കേസില്‍ മൊഴി നല്‍കാനെത്തിയ ഒരാളും പ്രതികളെ ചൂണ്ടിക്കാണിച്ചില്ല. മൊഴി നല്‍കുന്ന എല്ലാവരും അവരുടെ മൊഴികള്‍ക്കടിയില്‍ പേരെഴുതി ഒപ്പിടണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചതോടെ ഊഹാപോഹങ്ങള്‍ മൊഴിയായി നല്‍കേണ്ടെന്ന് എല്ലാവരും തീരുമാനിച്ചു. നേരിട്ട് കാണാത്ത കാര്യത്തില്‍ തെറ്റായ മൊഴി നല്‍കിയാല്‍ പിന്നീട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഓര്‍ത്തു പലരും മനസ്സിലെ സംശയം അവിടെതന്നെ സൂക്ഷിച്ചു. ലക്ഷണശാസ്ത്രം വച്ചും നിര്‍വഹണ രീതിവച്ചും ഇത് കോണ്‍ഗ്രസുകാരല്ലാതെ ആരും ചെയ്യില്ലെന്ന മൊഴിയില്‍ എല്ലാവരും യോജിച്ചു. പക്ഷേ, അതിനപ്പുറത്തേക്ക് ആരുടെയും മൊഴി വളര്‍ന്നില്ല. കമ്മിഷന്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ കൊടിമരത്തിന്റെ ചുവട്ടില്‍ വലിയ വാഹനത്തിന്റെ ടയര്‍ പാടുകള്‍ കണ്ടിരുന്നു.
ഈ പാടുകള്‍ ആംബുലന്‍സിന്റേതാണെന്നും അല്ലെന്നുമുള്ള ആരോപണം കമ്മിഷനു മുന്നില്‍ വന്നു. എന്തായാലും കൊടിമരത്തിലെ കയര്‍ അഴിച്ചു താഴെനിന്ന് കെട്ടി ഉയര്‍ത്തിയതല്ലെന്നും ഏതോ വാഹനത്തിനു മുകളില്‍ കയറി നിന്നാണ് കരിങ്കൊടി കെട്ടിയതെന്നുമുള്ള നിഗമനത്തില്‍ അന്വേഷണം സംഘം എത്തി. ആ വാഹനം ഏതാണെന്ന് അറിയാന്‍ ഡിസിസി ഓഫിസിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. അതും കമ്മിഷന്റെ അധികാര പരിധിക്കു പുറത്തായതിനാല്‍ പൊലീസ് വരണം. യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി ആംബുലന്‍സ് ഉണ്ട്. ആരോപണത്തില്‍ ആംബുലന്‍സ് കടന്നു വരുന്നത് അങ്ങനെയാണ്.
പ്രശ്‌നത്തില്‍ ആംബുലന്‍സിനെ വെറുതെ വലിച്ചിഴയ്ക്കുന്നതിനെതിരെ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല അന്വേഷണ കമ്മിഷനു പരാതി നല്‍കി. ആംബുലന്‍സിന്റെ ചുമതലക്കാരന്‍ അനീഷ് വരിക്കണ്ണാമല ആയതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്‍കിയത്. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അടക്കം 11 പേരാണ് കമ്മിഷനില്‍ മൊഴി നല്‍കിയത്. സംഭവം വ്യക്തമായി ആസൂത്രണം ചെയ്തതാണെന്നും ഇതേക്കുറിച്ച് നേതാക്കളില്‍ പലര്‍ക്കും അറിവുണ്ടായിരുന്നുവെന്നും മൊഴി നല്‍കിയവര്‍ പറഞ്ഞു. എന്നാല്‍, ഏതെല്ലാം നേതാക്കള്‍ക്കാണ് അറിവുള്ളതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊടി കെട്ടിയതിനു പിന്നാലെ ദൃശ്യമാധ്യമങ്ങളില്‍ വിഡിയോയും വാര്‍ത്തയും വന്നു. ഒരു ചാനലിന്റെ ഡ്രൈവര്‍ സംഭവം നടന്നതിനു പിന്നാലെ സ്ഥലം നിരീക്ഷിക്കാന്‍ സ്‌കൂട്ടറിലെത്തി. മറ്റൊരു ചാനലിന്റെ റിപ്പോര്‍ട്ടര്‍ സംഭവം നടന്നതിനു തൊട്ടു പിന്നാലെ സ്ഥലത്ത് എത്തി. ഇതില്‍ നിന്നെല്ലാം കൊടി കെട്ടിയ വിവരം മാധ്യമങ്ങളെ സമയാസമയങ്ങളില്‍ ആരെല്ലാമോ അറിയിച്ചിരുന്നു എന്ന് വ്യക്തമാണ്. സെപ്റ്റംബര്‍ 28നു രാത്രിയിലാണ് ഡിസിസി ഓഫിസിന്റെ മുറ്റത്ത് കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയത്. തൊണ്ടിമുതലായി ആ കരിങ്കൊടി കമ്മിഷന്‍ കസ്റ്റഡിയില്‍ എടുത്തു. അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കരിങ്കൊടിയും കൈമാറിയിട്ടുണ്ട്.