തിരുവല്ല: വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 35 പവന് സ്വര്‍ണം പട്ടാപ്പകല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്റെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് നാലരയോടെ മോഷണം നടന്നത്. അയല്‍വീട്ടില്‍ കര്ട്ടന് ഇടാനെത്തിയ സംഘത്തെയാണ് സംശയിക്കുന്നത്. സംഭവ സമയം സാബുവിന്റെ മരുമകള്‍ മുത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. മുത്ത് താഴത്തെ നിലയില്‍ നില്ക്കുമ്പോള് മോഷ്ടാവ് ഒന്നാം നിലയില്‍ കടന്നുവെന്നാണ് സൂചന. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയിലായിരുന്നു. അയല്‍ വാസിയുടെ വീടിന്റെ മതില് വഴി സാബുവിന്റെ വീടിന്റെ ഷെയ്ഡിലൂടെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സാബുവിന്റെ വീടിന്റെ ഷെയ്ഡില് അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കുഞ്ഞുമോളുടെ മകന് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ ജസ്റ്റിന് മാതാവ് കുഞ്ഞുമോളെ വിവരമറിയിച്ചു.
കുഞ്ഞുമോള്‍ സാബുവിന്റെ വീട്ടിലെത്തി വീടിന്റെ ഷെയ്ഡില് അജ്ഞാതനെ കണ്ട കാര്യം പറഞ്ഞു. തുടര്‍ന്ന് മുത്തും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.