കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരനെ ശകാരിച്ച് ഹൈക്കോടതി. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹര്‍ജിക്കാരനുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ കൊണ്ടുവന്ന് കോടതിയുടെ സമയം പാഴാക്കുകയാണെന്ന് പറഞ്ഞ കോടതി പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും പറഞ്ഞു.
കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജി പരിഗണിക്കവേയാണ് ഹര്‍ജിക്കാരനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ടാകാമെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണ്. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ കൊണ്ടുവന്ന് ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് വി.പി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകള്‍ അടക്കമുണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.