തിരുവനന്തപുരം: പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്‌കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയില്‍ ഒരുദിവസം നല്‍കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയില്‍ രണ്ടുദിവസം പാലും (150 മില്ലീലിറ്റര്‍) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു.
പാചകച്ചെലവിനുള്ള തുക കൂട്ടണമെന്നും സ്‌കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ പാലും മുട്ടയും വിതരണം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ നിവേദനവും നല്‍കി. പാചകച്ചെലവ് വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ 150 വരെ കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് ഒരുകുട്ടിക്ക് എട്ടുരൂപയും 151 മുതല്‍ 500 വരെയുള്ളതിന് ഏഴുരൂപയും 500-നുമുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്. നിശ്ചിതനിരക്കിനുള്ളില്‍ ഉച്ചഭക്ഷണം നല്‍കാനാവാത്തതിനാല്‍ കഴിഞ്ഞമാസത്തെ ബില്ലുകള്‍ പലരും സമര്‍പ്പിച്ചിട്ടില്ല.