തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെങ്കിലും ഭാവിയില്‍ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്ക് ആധാര്‍ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാര്‍ അധിഷ്ഠിത യുണിക് തണ്ടപ്പേര് സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാന്‍ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കു എന്ന് റവന്യു വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. സമ്മതപത്രത്തിന്റെ മാതൃകയും ഒപ്പമുണ്ട്. ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയിലെ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കൂടിയാണു ഇത്തരമൊരു സമ്മതപത്രം.
തിരിച്ചറിയല്‍ രേഖയായി (കെവൈസി) ആധാര്‍ നല്കാന് താല്പര്യമില്ലാത്ത ഭൂവുടമകള്‍ക്കുള്ള നടപടിക്രമത്തിന്റെ വിജ്ഞാപനം പ്രത്യേകമായി പുറത്തിറക്കും. ആധാര്‍ ബന്ധിപ്പിക്കലിന് വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, റവന്യു പോര്‍ട്ടല്‍ എന്നി വഴി ഇനി പ്രത്യേക ഡ്രൈവ് ആരംഭിച്ചേക്കും. റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനം സുഗമമാക്കാനും ഭാവിയില്‍ ഭൂവുടമയ്ക്കു നല്കുന്ന ഭൂരേഖ കാര്‍ഡിനും ആധാര്‍ അധിഷ്ഠിതമായിരിക്കും നടപടികള്‍. ആധാര്‍ ലിങ്ക് ചെയ്യാന്‍ താല്പര്യമില്ലാത്തവര്ക്ക് ഇപ്പോഴത്തേതു പോലെ തുടരാം.. എന്നാല്‍ ഇത്തരക്കാര്‍ കുറവായിരിക്കും എന്നതിനാല്‍ നിരീക്ഷിക്കാനും ക്രമക്കേടിനുള്ള ശ്രമമാണോയെന്നു കണ്ടെത്താനും എളുപ്പമാണ്.
പല അവകാശികളെങ്കില്‍ എല്ലാവരുടെയും ആധാര്‍ ബന്ധിപ്പിക്കും
ഒറ്റ തണ്ടപ്പേര് വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താമെന്നു റവന്യു വകുപ്പ് പറയുന്നു. നിലവില്‍ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണു പരമാവധി കൈവശം വയ്ക്കാവുന്നത്. അധിക ഭൂമി കണ്ടെത്തിയാല്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു നല്കാന് ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാരിനു സാധിക്കും.
ഒരു ഭൂമിയില്‍ ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അവരുടെ എല്ലാം ആധാറുകള്‍ ബന്ധിപ്പിക്കേണ്ടി വരും. കൂട്ടവകാശം, കമ്പനി, ട്രസ്റ്റ്, സൊസൈറ്റികള്‍, ഫ്ലാറ്റുകള്‍ എന്നിവയുടെ അവകാശികള്‍ക്ക് യുണീക് തണ്ടപ്പേര് നല്‍കാനാകുമെന്നാണ് ഇതു സംബന്ധിച്ച പദ്ധതിരേഖ പറയുന്നത്. വിസ്തീര്‍ണ ഫോര്‍മുല ഉപയോഗിച്ച് ശതമാനത്തില്‍ കണക്കാക്കി ഭൂമി കണ്ടുപിടിക്കാന്‍ കഴിയുന്ന തരത്തിലാകും ഇതിന്റെ സംവിധാനം.