
ലഖ്നോ: ഐടി നിയമത്തിലെ 66 എ വകുപ്പ് 2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ വിവരം യുപിയിലെ പൊലീസുകാര്‍ അറിഞ്ഞില്ല. റദ്ദാക്കിയ വകുപ്പു ചുമത്തിലെ പൊലീസിനെ എടുത്തിട്ട് അലക്കി അലഹബാദ് ഹൈക്കോടതി.അന്വേഷണ ഉദ്യോഗസ്ഥര്‍ മനസാന്നിധ്യത്തോടുകൂടിയല്ലേ വകുപ്പ് ചാര്‍ത്തുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് 66 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം.
ഐ.ടി നിയമത്തിലെ 66 എ പ്രകാരം ഇനിയൊരു കേസും രജിസ്റ്റര്‍ ചെയ്യരുതെന്ന കാര്യം എല്ലാ ജില്ലാ കോടതികള്‍ക്കും ഡി.ജി.പിക്കും അറിയിപ്പായി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.സുപ്രീംകോടതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വകുപ്പ് ചുമത്തി എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ പൊലീസിന് സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ഓണ്‍ലൈനില്‍ കുറ്റകരമായ രീതിയില്‍ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ ജയില്‍ശിക്ഷ നല്‍കുന്ന ഐ.ടി നിയമത്തിലെ വകുപ്പാണ് 66 എ. ഇലക്ട്രോണിക് മാധ്യമത്തിലൂടെ കുറ്റകരമായതോ ഭയപ്പെടുത്തുന്നതോ അപമാനിക്കുന്നതോ വ്യാജമായതോ ആയ സന്ദേശം അയക്കുന്നവര്‍ക്ക് തടവുശിക്ഷ നല്‍കുന്നതാണ് 66 എ വകുപ്പ്. ഈ വകുപ്പനുസരിച്ച് മൂന്നു വര്‍ഷം വരെ തടവും പുറമെ പിഴയും വിധിക്കാനാകുമായിരുന്നു. 2015ല്‍ ശ്രേയ സിംഗാള്‍ കേസിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. അവ്യക്തവും ഏകപക്ഷീയവുമായ നിയമമാണെന്ന് പറഞ്ഞു കൊണ്ടാണ് 66 എ സുപ്രീംകോടതി റദ്ദാക്കിയത്.
എന്നാല്‍, തുടര്‍ന്നും 1000ത്തിലേറെ കേസുകള്‍ വകുപ്പിന് കീഴില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതായി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടന സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. വിഷയം ഞെട്ടലുളവാക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു.