ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാകും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് ഇതു സംബന്ധിച്ചു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണ സംഘം ഇപ്പോള്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പരിശോധിക്കുകയാണ്. അടുത്ത 15 ദിവസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്- ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതിനു പിന്നാലെ, ഡിസംബര്‍ എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. വ്യോമസേനയില്‍ ഏറ്റവും കൂടുതല്‍ അനുഭവസമ്പത്തുള്ള ഹെലികോപ്റ്റര്‍ പൈലറ്റാണ് മാനവേന്ദ്ര സിങ്. ബെംഗളൂരു ആസ്ഥാനമായ സേനാ പരിശീലന കമാന്‍ഡിന്റെ മേധാവിയായ അദ്ദേഹം, തിരുവനന്തപുരത്തെ ദക്ഷിണ വ്യോമകമാന്‍ഡിന്റെ മുന്‍ മേധാവിയുമാണ്.
കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷന്‍ വിഭാഗങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ഓരോ ദിവസത്തെയും അന്വേഷണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരിട്ടു വിലയിരുത്തുന്നുണ്ട്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയും അന്വേഷണം സൂക്ഷ്മമായി വിലയിരുത്തുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ബുധനാഴ്ച ബെംഗളൂരുവിലെ മിലിറ്ററി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.