കൊച്ചി:കോംഗോയില്‍ നിന്നെത്തി എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ട ഈ ദിവസങ്ങളില്‍ ഷോപ്പിങ് മാള്‍, തുണിക്കട, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇയാള്‍ എത്തിയിരുന്നു. ഇതിന്റെ വിശദമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.
ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (ഫ്ളൈറ്റ് നമ്പര്‍ AI 934) ഇയാള്‍ എത്തിയത്. തുടര്‍ന്ന് ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതായിരുന്നു. എന്നാല്‍ ഇതു ലംഘിച്ചുകൊണ്ടാണ് എറണാകുളം ജില്ലയിലെ കലൂര്‍, പാലാരിവട്ടം, മരട് പ്രദേശങ്ങളിലെ വിവിധ ഇടങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചത്.
ഒമ്പതാം തിയതി സ്വന്തം കാറില്‍ പുതിയകാവിലെ ആയുര്‍വേദ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി പോയി. പത്താം തിയതി യൂബര്‍ ടാക്സിയില്‍ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. പിന്നീട് വൈകീട്ട് അഞ്ചു മണിയോടെ അറേബ്യന്‍ ഡ്രീംസ് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് ഓട്ടോയില്‍ കയറി വീട്ടിലെത്തി. അന്നുതന്നെ സഹോദരനോടൊപ്പം ബൈക്കില്‍ അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറില്‍ കയറുകയും ചെയ്തു. പതിനൊന്നാം തിയതി വീണ്ടും പാലാരിവട്ടത്തെ ആശുപത്രിയിലെത്തിയതായും റൂട്ട് മാപ്പില്‍ പറയുന്നു.