ന്യൂഡല്‍ഹി: ഭൂട്ടാന്‍ സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.’ഓര്‍ഡര്‍ ഓഫ് ദി ഡ്രക് ഗ്യാല്‍പോ’ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. കോവിഡ്കാലത്ത് രാജ്യത്തിന് നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ചാണ് ഭൂട്ടാന്‍ അവാര്‍ഡ് നല്‍കിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യല് വാങ്ങ്ചുക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാന്റെ 114-ാമത് ദേശീയദിനമായ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. സഹകരണത്തിന് ഭൂട്ടാന്‍ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് മോദിക്ക് നന്ദി അറിയിച്ചു.
ഭൂട്ടാന്റെ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാന്‍ രാജാവിനോട് നന്ദി അറിയിച്ചു. ഇന്ത്യയുടെ ഉറ്റ സുഹൃദ്രാഷ്ട്രമാണ് അയല്‍ രാജ്യമായ ഭൂട്ടാന്‍. ആ ബന്ധം ശക്തമായി തുടരും. ഭൂട്ടാന് ദേശീയദിനാശംസകളും മോദി നേര്‍ന്നു.