മലപ്പുറം: തിരഞ്ഞെടുപ്പു പരാജയത്തില്‍നിന്നു പാഠം പഠിച്ചെന്നും രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്നും മെട്രോമാന്‍ ഇ. ശ്രീധരന്റെ അഭിപ്രായപ്രകടനത്തിനു പിന്നാലെ ഇ.ശ്രീധരനെ കാണാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെത്തി. ബിജെപിക്കൊപ്പം ഇ.ശ്രീധരന്‍ സജീവമായുണ്ടാകുമെന്നു കൂടിക്കാഴ്ചക്കു ശേഷം കെ.സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയില്‍ പ്രതീക്ഷയുണ്ടെന്ന് ഇ.ശ്രീധരനും പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്നും കാര്യമായ തിരുത്തലുകള്‍ വരുത്താതെ ബിജെപിക്ക് രക്ഷപ്പെടാനാവില്ലെന്നും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന മുഖമായി ഉയര്‍ത്തിക്കാട്ടിയ ഇ.ശ്രീധരന്റെ പ്രസ്താവന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയായതോടെയാണ് കെ.സുരേന്ദ്രന്‍ ഇ. ശ്രീധരനെ കാണാനെത്തിയത്.നിലവില്‍ ദേശീയ കൗണ്‍സില്‍ പ്രത്യേക ക്ഷണിതാവാണന്നും അദ്ദേഹം എന്നും പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇ.ശ്രീധരന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള തിരുത്തലുകള്‍ പാര്‍ട്ടിയില്‍ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും പാര്‍ട്ടിയിലുളള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അരമണിക്കൂറോളം ഇ.ശ്രീധരനുമായി രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
നാഗ്പുര്‍ ആസ്ഥാനമായ വനറായ് ഫൗണ്ടേഷന്റെ ‘ഡോ. മോഹന്‍ ധാരിയ രാഷ്ട്ര നിര്‍മാണ്‍ സമ്മാന്‍’ ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുമ്പോഴായിരുന്നു ഇ. ശ്രീധരന്റെ പ്രസ്താവന. അനാരോഗ്യവും പ്രായവും കാരണം രാഷ്ട്രീയത്തില്‍ സജീവമാകാനാകില്ല. 90 വയസ്സായി. കേരളത്തില്‍ അധികാരം പിടിക്കണമെങ്കില്‍ ബിജെപി പല കാര്യത്തിലും തിരുത്തലുകള്‍ വരുത്തണം. എന്തെല്ലാം തിരുത്തലുകള്‍ വേണമെന്നു കാണിച്ച് ബിജെപി നേതൃത്വത്തിനു കത്തു നല്‍കിയിട്ടുണ്ടെന്നും അതു പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.