നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പോര്‍ക്കളം സജീവമായി

1 second read
0
0

ലഖ്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പോര്‍ക്കളം സജീവമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാജഹാന്‍പുരിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും അമേഠിയിലും അഖിലേഷ് യാദവ് റായ്ബറേലിയിലും ശനിയാഴ്ച പൊതുപരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. ഒപ്പം അഖിലേഷ് യാദവിന്റെ അടുത്ത അനുയായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡും കൂടി ആയതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.

594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിടല്‍ ചടങ്ങിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ ഷാജഹാന്‍പുരിലെത്തിയത്. 36,230 കോടി രൂപ ചെലവ് വരുന്ന ആറ് വരിപാത ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയി മാറും. മീററ്റിലെ ബിജൗലി ഗ്രാമത്തിന് സമീപം ആരംഭിക്കുന്ന അതിവേഗ പാത പ്രയാഗ് രാജിലെ ജുദാപൂര്‍ ദണ്ഡു ഗ്രാമത്തിന് സമീപം വരെ നീളും. തറക്കല്ലിടല്‍ ചടങ്ങ് ഉച്ചയക്ക് 12 മണിയോടെയാണ് ആരംഭിച്ചത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായിട്ടാണ് തന്റെ പഴയ തട്ടകമായ അമേഠിയിലേക്ക് രാഹുല്‍ എത്തിയത്. ഒപ്പം സഹോദരി പ്രിയങ്ക ഗാന്ധിയുമുണ്ട്. രാവിലെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ ഇരുവരും റോഡ് മാര്‍ഗമാണ് അമേഠിയിലെത്തിയത്.

രാഹുലും പ്രിയങ്കയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനൊപ്പം ജഗദീഷ്പൂരിലെ രാംലീല ഗ്രൗണ്ടില്‍ നിന്ന് ഹരിമൗവിലേക്ക് ആറ് കിലോമീറ്റര്‍ പദയാത്ര നയിക്കും. 50,000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദയാത്രയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 വര്‍ഷം അമേഠിയെ പ്രതിനിധീകരിച്ച രാഹുല്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55120 വോട്ടിനാണ് പരാജയപ്പെട്ടത്.

യുപിയില്‍ കോണ്‍ഗ്രസിന്റെ അവസാന കച്ചിത്തുരുമ്പായ റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ ദിവസം എത്തിയതാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസുമായി ഒരു സൗഹൃദ മത്സരവും ഉണ്ടാകില്ലെന്ന് അഖിലേഷ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു.ഇതിനിടെയാണ് സമാജ് വാദി പാര്‍ട്ടി നേതാക്കളുടേയും അനുഭാവികളുടേയും വീടുകളില്‍ ഇന്ന് രാവിലെ മുതല്‍ ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവും വക്താവുമായ രാജീവ് റായ്, അഖിലേഷ് യാദവിന്റെ പേഴ്‌സണല്‍ സെക്രട്ടറി ജൈനേന്ദ്ര യാദവ്, മറ്റൊരു പാര്‍ട്ടി നേതാവ് മനോജ് യാദവ് എന്നിവരുടെ വീടുകളിലാണ് റെയ്ഡുകള്‍ നടക്കുന്നത്.

വാരണാസിയില്‍ നിന്നുള്ള ആദായനികുതി വകുപ്പിന്റെ ഒരു സംഘം ഇന്ന് രാവിലെ കിഴക്കന്‍ യുപിയിലെ മൗ ജില്ലയിലെ റായിയുടെ വീട്ടിലെത്തി. കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു ഗ്രൂപ്പിന്റെ ഉടമയാണ് റായ്.

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…