ചെന്നൈ: ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ തന്നെയും കുടുംബത്തെയും ചെന്നൈ വിമാനത്താവളത്തില്‍ വിമാനക്കമ്പനി വലച്ചെന്നു മന്ത്രി ആന്റണി രാജു വെളിപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉയര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളടക്കം ഇടപെട്ടാണു പ്രശ്നം പരിഹരിച്ചതെന്നും മന്ത്രി ‘മനോരമ’യോടു പറഞ്ഞു. പ്രശ്നം സൃഷ്ടിച്ച സ്പൈസ് ജെറ്റ് അധികൃതര്‍ക്കെതിരെ എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു പരാതി നല്‍കുമെന്നും ആന്റണി രാജു പറഞ്ഞു.
സംഭവത്തെപ്പറ്റി മന്ത്രി പറയുന്നത്: പോര്‍ട്ട് ബ്ലെയറിലേക്കു പോകാന്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണു കുടുംബത്തിനൊപ്പം എത്തിയത്. രണ്ടു ഡോസ് കോവിഡ് വാക്സീന് എടുത്ത രേഖകളുണ്ടായിട്ടും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു വിമാനക്കമ്പനി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്നു കോവിഡ് പരിശോധനയ്ക്കു രാജ്യാന്തര ടെര്മിനലിലേക്കു പോകേണ്ടി വന്നു. എന്നാല്‍, പിന്നീട് നോര്‍ക്ക റൂട്സ് അധികൃതര്‍ വഴി തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികളടക്കം ഇടപെട്ടു. ആശയക്കുഴപ്പം നീങ്ങിയതോടെ ബോര്ഡിങിനു ശ്രമിച്ചപ്പോള്‍ വിമാനക്കമ്പനി പ്രതിനിധികള്‍ വീണ്ടും തടസ്സം ഉന്നയിച്ചു. ഒടുവില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയാണു യാത്ര ചെയ്യാന്‍ വഴിയൊരുക്കിയതെന്നും തീര്‍ത്തും അനാവശ്യ പിടിവാശിയാണു കമ്പനി കാണിച്ചതെന്നും മന്ത്രി പറഞ്ഞു.
പോര്‍ട്ട് ബ്ലെയര്‍ യാത്രയ്ക്കു 2 ഡോസ് വാക്സീന് എടുത്ത രേഖകള്‍ മതിയെന്നിരിക്കെ വിമാനക്കമ്പനി എന്തിനാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണു മന്ത്രിയുടെ ചോദ്യം. ചെന്നൈ വിമാനത്താവള അധികൃതര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. വിമാനക്കമ്പനിയോടു രേഖാമൂലമുള്ള മറുപടി ആവശ്യപ്പെട്ടെന്നും അധികൃതര്‍ അറിയിച്ചു.