അബുദാബി: അറിയപ്പെടാത്ത രാജ്യങ്ങളിലേക്കു സ്വന്തമായി വാഹനമോടിച്ചു യാത്ര ചെയ്യുന്നതില്‍ ഹരംപിടിച്ച് മൂവാറ്റുപുഴയില്‍ നിന്നു പുറപ്പെട്ട യുവാക്കള്‍ യുഎഇയിലെത്തി. ലോകം ചുറ്റാന്‍ തിരഞ്ഞെടുത്തത് കേരള റജിസ്‌ട്രേഷനിലുള്ള (KL17 W2866) ഇന്ത്യന്‍ നിര്‍മിത വാഹനവും (മഹീന്ദ്ര താര്‍).മുവാറ്റുപുഴ പുതുപ്പാടി പറക്കാകുടി ഹൗസില്‍ മുഹമ്മദ് ഹാഫിസും മുളവൂര്‍ കൊട്ടാക്കുടി ഹൗസില്‍ ഹിജാസ് കെ ഇഖ്ബാലുമാണ് കേരളത്തില്‍ നിന്ന് യുഎഇ വഴി ആഫ്രിക്കയിലേക്കു റോഡ് മാര്‍ഗം യാത്ര ചെയ്യുന്നത്.
11 മാസംകൊണ്ട് ഏഷ്യ, ആഫ്രിക്ക മേഖലകളിലെ 50 രാജ്യങ്ങളില്‍ പര്യടനം നടത്താനാണു പദ്ധതി. കേരളം മുതല്‍ കശ്മീര്‍ വരെ ജനുവരിയില്‍ ഇതേ വാഹനത്തില്‍ യാത്ര ചെയ്ത ഊര്‍ജത്തോടെയാണ് ഹാഫിസ് (19) രാജ്യാന്തര യാത്രയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ ഹിജാസിന് (22) ഇത് കന്നി യാത്രയാണ്. ഹാഫിസ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ ഡിപ്ലോമയും ഹിജാസ് ഡിഗ്രിയും പൂര്‍ത്തിയാക്കി. സന്തോഷ് ജോര്‍ജ് കുളങ്ങരയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യാത്ര. 7 മാസത്തെ തയാറെടുപ്പിനു ശേഷം ലോകം ചുറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ഡീന്‍ കുര്യാക്കോസ് എംപി ഫ്‌ലാഗ് ഓഫ് ചെയ്തു. 26ന് കൊച്ചി ഷിപ് യാഡില്‍നിന്ന് വാഹനം യുഎഇയിലേക്കു അയച്ചു. ഈ മാസം 7 മുതല്‍ എമിറേറ്റുകളിലൂടെ യാത്ര തുടങ്ങി അബുദാബിയിലെത്തി. കേരള റജിസ്‌ട്രേഷന്‍ വാഹനം മറുനാട്ടില്‍ കണ്ട മലയാളികളും ഇവരോടൊപ്പംനിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ പതാകയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രവും വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ലോകം ചുറ്റിക്കറങ്ങാന്‍ സാധിക്കുമെന്നു തെളിയിക്കുകയാണു ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സമയത്തായിരുന്നു തീരുമാനം. ഒമിക്രോണ്‍ വ്യാപനം കൂടുന്നെങ്കിലും പേടിച്ച് പിന്തിരിയാനില്ലെന്നും വാക്‌സീന്‍, ഉള്‍പ്പെടെ എല്ലാ ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹാഫിസ് പറഞ്ഞു. അതതു രാജ്യങ്ങളിലെ നിയമങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചായികും യാത്ര.
യുഎഇ റസിഡന്‍സ് വീസ സ്റ്റാംപ് ചെയ്ത ശേഷം വിവിധ രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്തി നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. ശേഷം 27ന് ഒമാനിലേക്കും തുടര്‍ന്ന് യെമന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ വഴി യാത്ര തുടരുമെന്നും പറഞ്ഞു. ഹാഫിസിന്റെ പിതാവ് ബക്കറും ഹിജാസിന്റെ പിതാവ് ഇഖ്ബാലും ഷാര്‍ജയില്‍ ട്രക്ക് ഡ്രൈവര്‍മാരായിരുന്നു. ഇതാണ് യാത്രയിലെ ആദ്യ രാജ്യമായി യുഎഇ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും. 18 വയസ്സു പൂര്‍ത്തിയായ ഉടന്‍ ലൈസന്‍സ് എടുത്തു. വായ്പയെടുത്ത് വാഹനം വാങ്ങി ദീര്‍ഘദൂര യാത്രയ്ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തി കാര്‍നെറ്റ് പാസ്‌പോര്‍ട്ട് എടുത്തു. ഇന്റര്‍നാഷനല്‍ ലൈസന്‍സും ട്രാവല്‍ ഇന്‍ഷുറന്‍സും എടുത്തതോടെ യാത്ര തുടങ്ങി.
ഇരുവരും ചേര്‍ന്നുള്ള പ്ലാസ്റ്റിക് മൊത്തക്കച്ചവടത്തിലെ വരുമാനവും വായ്പയുമാണു മൂലധനം. തുടര്‍ന്നുള്ള യാത്രയ്ക്ക് ഊര്‍ജംപകരാന്‍ പ്രായോജകര്‍ എത്തുമെന്ന വിശ്വാസത്തിലാണിവര്‍. നിലവില്‍ ചിലര്‍ മുന്നോട്ടുവന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്നും പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കും. അതിനു സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ വാഹനത്തിലും.
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍
യുഎഇ, ഒമാന്‍, സൗദി അറേബ്യ, യെമന്‍, ജോര്‍ദാന്‍, ഇസ്രയേല്‍, ഈജിപ്ത്, സുഡാന്‍, ഇത്യോപ്യ, സൊമാലിയ, കെനിയ, സൗത്ത് സുഡാന്‍, യുഗാണ്ട, ടാന്‍സാനിയ, മൊസാംബിക്, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വേ, സാംബിയ, അംഗോള, കോങ്കോ, സെന്‍ട്രല്‍ ആഫ്രിക്ക, കാമറൂണ്‍, ഗാബന്‍, നൈജീരിയ, ഘാന, സെനഗല്‍, മൗറീഷ്യസ്, മൊറോക്കൊ, അള്‍ജീരിയ, മാലി, നൈജര്‍, ഛാഡ്, ലിബിയ, ലബനന്‍, സിറിയ, തുര്‍ക്കി, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബെയ്ജാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍.