ദുബായ്: കഴിഞ്ഞ എട്ടു മാസത്തോളമായി മലയാളി വനിത രാപ്പകല്‍ കഴിച്ചുകൂട്ടുന്നത് ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍. രാത്രി കിടന്നുറങ്ങുന്നതു കുഞ്ഞു സ്റ്റൂളിലിരുന്നും പ്രഭാതകൃത്യങ്ങള്‍ നടത്തുന്നതു തൊട്ടടുത്തെ പൊതുശൗചാലയത്തിലും. നിത്യവും പരിസരം വൃത്തിയാക്കുന്നതിനെ തുടര്‍ന്നു ലഭിക്കുന്ന തുച്ഛമായ കൂലി കൊണ്ടാണു വിശപ്പടക്കുന്നത്. തിരുവനന്തപുരം സ്വദേശിനി അനിതാ ബാലുവാണു തന്റേതല്ലാത്ത കാരണത്തില്‍ തെരുവിലാക്കപ്പെട്ട ഹതഭാഗ്യ. തന്റെ പ്രശ്‌നം പരിഹരിക്കാതെ ഇവിടെ നിന്ന് എവിടേയ്ക്കുമില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍.
ഉയര്‍ച്ചയില്‍ നിന്നു തെരുവിലേയ്ക്ക്
45 വയസോളം തോന്നിക്കുന്ന അനിതയുടെ തെരുവു ജീവിതത്തിനു പിന്നില്‍ സംഭവ ബഹുലമായ കഥയാണുള്ളത്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇവര്‍ ഭര്‍ത്താവിനോടും 2 ആണ്‍മക്കളോടുമൊപ്പമായിരുന്നു ദുബായില്‍ മികച്ച രീതിയില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ബാലു ദുബായില്‍ ബിസിനസുകാരനായിരുന്നു. 1996 മുതല്‍ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളില്‍ നിന്നു ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിര്‍ത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോള്‍ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവര്‍ മൂത്ത മകനെയും കൊണ്ടു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവില്‍ അനിത കീഴടങ്ങുകയുമായിരുന്നു. 36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകന്‍ താന്‍ പഠിച്ച സ്‌കൂളില്‍ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ അനിത തയ്യാറായതുമില്ല.
ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു. 22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും. രണ്ടു കൂട്ടരും സിവില്‍ കേസ് നല്‍കിയപ്പോള്‍ കുടുങ്ങിയത് അനിതയും.
പിന്നീട് പ്രശ്‌നത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെടുകയുണ്ടായി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര്‍ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ, ഇത്രയും തുക നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഈ മാസം(ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്‍കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവര്‍.