കോട്ടയം: നിര്‍ദിഷ്ട അതിവേഗ റെയില്‍പാതയുടെ ഭൂമി ഏറ്റെടുക്കലിന് തദ്ദേശസ്ഥാപന അനുമതി നേടിയെന്ന് തെറ്റായി രേഖപ്പെടുത്തി. കെ-റെയില്‍ അധികാരികള്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് അനുമതി നേടിയെന്ന് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഭൂമി ഏറ്റെടുക്കലിന് യാതൊരു പ്രമേയവും സമിതികള്‍ പാസാക്കായിട്ടില്ലെന്ന് തദ്ദേശസ്ഥാപനങ്ങളും വ്യക്തമാക്കിയതോടെ നടപടി വിവാദമായി. വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ആക്ഷന്‍കൗണ്‍സില്‍ അംഗം പുറത്തുവിട്ടതോടെ പിശകു പറ്റിയതാണെന്ന് കെ-റെയില്‍ വിശദീകരണം നല്‍കി.
ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് ഭരണാനുമതി തേടിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കെ-റെയില്‍ എം.ഡി. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. ചെങ്ങന്നൂര്‍- എറണാകുളം ഭാഗത്ത് കെ-റെയിലിന് ഭൂമി കണ്ടെത്തിയശേഷമാണ് അപേക്ഷ വെച്ചത്. റവന്യൂ നടപടി പ്രകാരം ഭൂമി ഏറ്റെടുക്കലിന് താത്പര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫോം നമ്പര്‍ രണ്ടിലാണ് വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്.
ആലപ്പുഴമുതല്‍ എറണാകുളംവരെയുള്ള ഭൂമി വിവരങ്ങള്‍ തേടി പദ്ധതിക്കെതിരേ നിയമപോരാട്ടം നടത്തുന്ന ഷാജി ചാക്കോ ആറന്‍മുള നല്‍കിയ വിവരാവകാശ അപേക്ഷയിലെ മറുപടിയില്‍ തദ്ദേശ അനുമതിക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് ശരിയാണോ എന്നറിയാന്‍ അദ്ദേഹം സ്വന്തം പഞ്ചായത്തായ ആറന്‍മുളയില്‍നിന്ന് ശേഖരിച്ച വിവരാവകാശ മറുപടിയില്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ലെന്ന് വ്യക്തമാക്കി.
പൊതു ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപന അനുമതി ആവശ്യമില്ലെന്ന് കെ-റെയിലും റവന്യൂവകുപ്പും വ്യക്തമാക്കി. ഫോറം പൂരിപ്പിച്ചപ്പോള്‍ വന്ന പിശകാണെന്നും പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.