തിരുവല്ല(മല്ലപ്പള്ളി): ആനിക്കാട് പഞ്ചായത്തിലെ ചായക്കടയില്‍ ഉഗ്രസ്ഫോടനം. ചായക്കട ഉടമ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പുന്നലേവി പിടന്നപിലാവ് പുളിച്ചുമാക്കല്‍ ബഷീറിന്റെ (60) ചായക്കടയിലാണ് സ്ഫോടനം നടന്നത്. ചായ കുടിക്കാനെത്തിയ ആറു പേര്‍ക്ക് സാരമായ പരുക്ക് ഉണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമായ സണ്ണി വേലൂര്‍ (61) ബേബിച്ചന് എലിമുള്ളില്‍ (70) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ചായകുടിക്കാന്‍ വന്ന കിണര്‍ പണിക്കാരനായ സണ്ണിയുടെ കൈവശമുണ്ടായിരുന്ന കിണര്‍ പണിക്ക് ആവശ്യമായ സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നുവെന്നും ഇതാകാം പൊട്ടിത്തെറിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സണ്ണിയുടെ കൈപ്പത്തിക്ക് ഗുരുതരമായ പരുക്കുണ്ട്. തിരുവല്ല ഡിവൈഎസ്പി രായപ്പന് റാവുത്തര്‍, കീഴ്വായ്പൂര് പൊലീസ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്.