മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസ് അന്തരിച്ചു

5 second read
0
0

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസ് (70) അന്തരിച്ചു. അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഇടുക്കി ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12-നാണ് പി.ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്,കോഴിക്കോട്ടെയും എറണാകുളത്തെയും ലോ കോളേജുകള്‍ എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി.

കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.കേരള സര്‍വകലാശാലാ സെനറ്റ് അംഗവും ആയിരുന്നു.

1980-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി. 1991, 2001 തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്നും 2016-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി. 2021 ല്‍ വീണ്ടും തൃക്കാക്കരയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

1996-ലും 2006-ലും തൊടുപുഴയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ല്‍ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കള്‍: വിഷ്ണു തോമസ്, വിവേക് തോമസ്.

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…