
പനാജി: ഗോവയില്‍ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോണ്‍ഗ്രസ്. എന്നാല്‍, ബി.ജെ.പി.യുടെ ചാണക്യതന്ത്രങ്ങള്‍ക്കും കുതിരക്കച്ചവടത്തിനും മുന്നില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാവാതെ അവര്‍ മുട്ടുമടക്കി. സ്വന്തം പാളയത്തിലുള്ളവരെ ഒപ്പം നിര്‍ത്തിക്കൊണ്ടുപോകാനും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഫലം, ഫെബ്രുവരിയില്‍ അടുത്ത തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ നാല്പതംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം പതിനേഴില്‍നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി. ഏറ്റവുമൊടുവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായ അലിക്‌സോ റെജിനാള്‍ഡോ ലോറന്‍കോ എം.എല്‍.എ.യാണ് രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയത്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്ന എട്ടു സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ലോറന്‍കോയുടെ പേരുമുള്‍പ്പെടുന്നെന്നതാണ് കൗതുകകരം.
2019-ലാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയേറ്റത്. അന്നത്തെ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറുടെ നേതൃത്വത്തില്‍ പത്ത് എം.എല്‍.മാര്‍ കൂട്ടത്തോടെ ഭരണകക്ഷിയായ ബി.ജെ.പി.യിലേക്ക് കൂടുമാറി. തിരഞ്ഞെടുപ്പ് ആസന്നമായതോടെ മുന്‍മുഖ്യമന്ത്രിമാരായ ലുസീഞ്ഞോ ഫെലെയ്‌റോ തൃണമൂലിലേക്ക് ചാടിയതും തിരിച്ചടിയായി. മുന്‍മുഖ്യമന്ത്രിമാരായ ദിഗംബര്‍ കാമത്ത്, പ്രതാപ് സിങ് റാണെ എന്നീ എം.എല്‍.എ.മാരാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ അവശേഷിക്കുന്നത്. ഇതില്‍ റാണെയുടെ സ്ഥിതി അത്ര ഉറപ്പിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍തന്നെ പറയുന്നത്. എന്നാല്‍, നിലവില്‍ പ്രതിപക്ഷനേതാവായ ദിഗംബര്‍ കാമത്തിന് ഒട്ടും ആശങ്കയില്ല. കോണ്‍ഗ്രസ് ഇതിലും വലിയ സുനാമിയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഏറെ കണ്ടതാണെന്നും 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറയുന്നു.