ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവുകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ മക്കളായ മിരായ വദ്രയുടെയും റൈഹാന്‍ വദ്രയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സര്‍ക്കാര്‍ ഹാക്ക് ചെയ്തതായി ആരോപിച്ച് പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.
‘ഫോണ്‍ ചോര്‍ത്തല്‍ പോട്ടെ, എന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പോലും അവര്‍ ഹാക്ക് ചെയ്യുന്നു. അവര്‍ക്ക് വേറെ പണിയൊന്നുമില്ലേ?’ പ്രിയങ്ക ചോദിച്ചു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളെപ്പറ്റിയും അനധികൃത ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണങ്ങളെപ്പറ്റിയുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
എന്നാല്‍, പ്രിയങ്ക ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നിരുന്നാലും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായും സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാക്കര്‍മാരെ കണ്ടെത്താനും സൈബര്‍ ആക്രമണങ്ങള്‍ തടയാനും കഴിയുന്ന സിഇആര്‍ടി-ഇന്നിനെയാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്.
പെഗാസസിന് ശേഷം നിയമവിരുദ്ധമായ ഫോണ്‍ നിരീക്ഷണം സംബന്ധിച്ചുള്ള ആരോപണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒയില്‍ നിന്നുള്ള സ്പൈവെയറായ പെഗാസസിന്റെ ഡാറ്റാബേസ് ചോര്‍ന്നപ്പോള്‍ പട്ടികയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവരുണ്ടെന്ന് വെളിപ്പെടുത്തലുകളുണ്ടായിരുന്നു.
സ്‌പൈവെയര്‍ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നതെന്ന് ഇസ്രായേല്‍ സ്ഥാപനം വെളിപ്പെടുത്തിയതോടെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.