പത്തനംതിട്ട: മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് 2021 കിരീടം ഐ.ടി. സംരംഭക ഡോ. ശശിലേഖ നായര്‍ കരസ്ഥമാക്കി. 25 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളില്‍ നിന്നാണ് ശശിലേഖ കിരീടത്തിന് അര്‍ഹയായത്. മനിലയില്‍ നടക്കേണ്ടിയിരുന്ന രാജ്യാന്തര മത്സരം കോവിഡിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കപ്പെട്ടത്. പത്തനംതിട്ട നാരങ്ങാനം കാട്ടൂര്‍ തലത്താഴെ പെരുന്തോലില്‍ റിട്ട. സുബേദാര്‍ മേജര്‍ പി. ശശിധരന്‍ നായരുടെ മകളും ഓമല്ലൂര്‍ സ്വാതി നിലയത്തില്‍ രാജീവ് കുമാര്‍ പിള്ളയുടെ ഭാര്യയുമാണ് ശശിലേഖ.
തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ ഐ.ടി കമ്പനിയായ ഐ.ക്യു മെട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷന്റെ സി.ഇ.ഓ ആണ്. ബംഗളൂരുവില്‍ സ്ഥിര താമസക്കാരിയായ ശശിലേഖ 2018 ല്‍ മിസിസ് ഏഷ്യ ഇന്റര്‍നാഷണല്‍ ചാമിങ്, മിസിസ് ഇന്ത്യ, കേരള കിരീടങ്ങളും നേടിയിരുന്നു. 2018 ലാണ് സൗന്ദര്യമത്സര രംഗത്തേക്ക് കടക്കുന്നത്. മൈക്രോബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശശിലേഖക്ക് ഹ്യൂമാനിറ്റീസില്‍ ഹോണററി ഡോക്റേറ്റുമുണ്ട്. ഭരതനാട്യം നര്‍ത്തകി കൂടിയായ ശശിലേഖ സ്ത്രീ ഉന്നമന മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. റിട്ട. അധ്യാപിക കെ.വി. വിജയമ്മ മാതാവും സ്വാതി, ജാന്‍വി എന്നിവര്‍ മക്കളുമാണ്.