ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡ് ക്രിക്കറ്റില്‍ സ്പിന്‍ ബോളിങ്ങിനും അര്‍ഹിക്കുന്ന ഇടം വേണമെന്ന് ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍. ന്യൂസീലന്‍ഡിലെ യുവ താരങ്ങള്‍ക്കിടയില്‍ സ്പിന്നിനോടുള്ള താല്പര്യം വളര്‍ത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും അജാസ് പട്ടേല്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിങ്സില്‍ 10 വിക്കറ്റ് വീഴ്ത്തി ചരിത്രമെഴുതിയതിനു പിന്നാലെ, അജാസ് പട്ടേലിനെ സിലക്ടര്‍മാര്‍ ടീമില്‍നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലാണ് അജാസ് പട്ടേലിന് ഇടം ലഭിക്കാതെ പോയത്. ഇതിനു പിന്നാലെയാണ് സ്പിന്നര്‍മാര്‍ക്കും കിവീസ് ക്രിക്കറ്റില്‍ ഇടം വേണമെന്ന അജാസ് പട്ടേലിന്റെ ആവശ്യം.
‘ന്യൂസീലന്‍ഡില്‍ ഞാന്‍ ഒരു സ്പിന്‍ ബോളറായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, വളര്‍ന്നു വരുന്ന യുവതാരങ്ങളെ സ്പിന്‍ ബോളിങ് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുകയാണ്. ന്യൂസീലന്‍ഡ് ക്രിക്കറ്റില്‍ സ്പിന്‍ ബോളിങ്ങിന് അര്‍ഹിക്കുന്ന ഇടം ലഭിക്കാന്‍ ഞാന്‍ തീര്‍ച്ചയായും പോരാടും’ – അജാസ് പട്ടേല്‍ പറഞ്ഞു.
ന്യൂസീലന്‍ഡില്‍ സ്പിന്‍ ബോളിങ്ങിന് അനുകൂലമായ പിച്ച് തയാറാക്കാന്‍ ഗ്രൗണ്ട്സ്മാന്മാര് തയാറാകണമെന്നും അജാസ് പട്ടേല്‍ ആവശ്യപ്പെട്ടു. ന്യൂസീലന്‍ഡിലെ പിച്ചുകളില്‍ സ്പിന്നര്‍മാര്‍ക്കും കൃത്യമായ റോളുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുകയാണ് തന്റെ ദൗത്യമെന്നും അജാസ് പട്ടേല്‍ പറഞ്ഞു.
‘ന്യൂസീലന്‍ഡില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകളും ആവശ്യമാണ്. അത്തരമൊരു മാറ്റത്തിനായി ശ്രമിക്കുകയാണ് ഞാന്‍. അതേസമയം, ന്യൂസീലന്‍ഡിലെ സാഹചര്യങ്ങളില്‍ അത്തരമൊരു മാറ്റം വളരെ ബുദ്ധിമുട്ടാണെന്നതും വസ്തുതയാണ്’ – പട്ടേല്‍ ചൂണ്ടിക്കാട്ടി.
‘എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗ്രൗണ്ട്സ്മാന്മാര്ക്ക് അല്പം പരീക്ഷണമൊക്കെ നടത്താമെന്നു തോന്നുന്നു. അത്തരം മാറ്റങ്ങളൊക്കെ താരങ്ങളെ വളരാന്‍ സഹായിക്കുകയാണ് ചെയ്യുക. ബോളര്‍മാരുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇത്തരം പിച്ചുകളില്‍ എങ്ങനെ പന്തെറിയാമെന്ന് പഠിക്കാന്‍ അത് ഉപകരിക്കും. ബാറ്റ്സ്മാന്മാര്ക്ക് സ്പിന്നിന് അനുകൂലമായ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും മനസ്സിലാക്കാം’ – അജാസ് പട്ടേല്‍ ചൂണ്ടിക്കാട്ടി.