
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുളള തീരുമാനത്തില്‍ നിന്ന് കേന്ദ്രം തല്ക്കാലം പിന്മാറിയതായി റിപ്പോര്‍ട്ട്. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ ഇവ രണ്ടും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇതിനുളള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. മോദിയുടെ പിറന്നാള്‍ സമ്മാനമായി പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കുന്ന സുപ്രധാന തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് കരുതിയിരിക്കുമ്ബോഴാണ് കേന്ദ്രം നയം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെട്രോള്‍,ഡീസല്‍ വിലകള്‍ എത്രയും പെട്ടെന്ന് ജി എസ് ടിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു കേന്ദ്രം.
ഇന്ന് ലക്നൗവില്‍ ചേരുന്ന 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടാവും. യോഗം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ധനവില ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്ന് കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രം നല്‍കുന്നത്. എത്രകാലം ഇത് ഉള്‍പ്പെടുത്തുന്നത് നീട്ടിക്കൊണ്ട് പോകാനാകുമെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം.
ജി എസ് ടി സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പാനലിലുളള നാലില്‍ മൂന്ന് അംഗങ്ങളുടെ അനുമതി വേണമെന്നതാണ് ചട്ടം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. ഇതാണ് കേന്ദ്രത്തിന് തലവേദനയാകുന്നതും. തങ്ങളുടെ പ്രധാന വരുമാന മാര്‍ഗത്തെ ഇല്ലാതാക്കാന്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും അനുവദിക്കില്ല. അതിനാല്‍ ജി എസ് ടി സംവിധാനത്തില്‍ മാറ്റം വരുത്താനുളള അനുമതി കിട്ടുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിനും സംശയമാണ്.
ഇന്ന് നടക്കുന്ന യോഗത്തില്‍ വെളിച്ചെണ്ണയുടെ ജി എസ് ടി നിരക്ക് ഉയര്‍ത്തുന്നതും ചര്‍ച്ചചെയ്യും. ഇതിനെയും കേരളം എതിര്‍ക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജി എസ് ടി ചുമത്തണമെന്ന ആവശ്യവും കൗണ്‍സിലിന് മുന്നിലുണ്ട്.