തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിനെടുക്കാന്‍ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികള്‍. ജനനത്തീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയായിരിക്കും കുട്ടികള്‍ക്ക് വാക്സിന് നല്‍കുക.
സ്കൂളുകള്‍തോറും വാക്സിനേഷന് സൗകര്യം ഒരുക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍നിന്നു ലഭിക്കുന്ന മാര്‍ഗനിര്‍ദേശത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോവിഡ് അവലോകനയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
കേന്ദ്രത്തില്‍നിന്നു വാക്സിന് ലഭിക്കുന്നമുറയ്ക്ക് എത്രയുംവേഗം വാക്സിനേഷന് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 26 ലക്ഷത്തോളം ഡോസ് വാക്സിന് സ്റ്റോക്കുണ്ട്. ജനുവരി രണ്ട് കഴിഞ്ഞാല്‍ കുട്ടികളുടെ വാക്സിനേഷന് പ്രാധാന്യംനല്കും.
സംസ്ഥാനം പൂര്‍ണസജ്ജം
15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷനായി സംസ്ഥാനം പൂര്‍ണസജ്ജമാണ്. കുട്ടികളുടെ വാക്സിനേഷന് ജനുവരി മൂന്നിന് ആരംഭിക്കുന്നതിനാല്‍ 18 വയസ്സിനു മുകളില്‍ വാക്സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയുംവേഗം വാക്സിന് സ്വീകരിക്കണം. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ എല്ലാവരും വാക്സിന് എടുത്തെന്ന് ഉറപ്പാക്കണം. -മന്ത്രി വീണാ ജോര്‍ജ്
ബൂസ്റ്റര്‍ ഡോസ്: ആരോഗ്യപ്രവര്‍ത്തകര്‍ 5.55 ലക്ഷം
ജനുവരി 10 മുതല്‍ ആരംഭിക്കുന്ന ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ള 5.55 ലക്ഷം ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്തുള്ളത്. 60 വയസ്സുകഴിഞ്ഞ 59.29 ലക്ഷം പേരുമുണ്ട്. 60 വയസ്സിനു മുകളിലുള്ള, രോഗികളായവര്‍ക്കാണ് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. 5.71 ലക്ഷം കോവിഡ് മുന്നിരപ്രവര്ത്തകരുമുണ്ട്.