തിരുവനന്തപുരം: വൈദ്യുതി കണക്ഷന് ആധാര്‍ നമ്പര്‍കൂടി അടിസ്ഥാനമാക്കാനുള്ള നിര്‍ദേശം കെ.എസ്.ഇ.ബി.യുടെ പരിഗണനയില്‍. നിലവില്‍ കണക്ഷന്‍ എടുത്തിട്ടുള്ളവരുടെയും ആധാര്‍ ബന്ധിപ്പിക്കാനാണ് ആലോചന. ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുവാദത്തിന് കെ.എസ്.ഇ.ബി. കത്തെഴുതി.
നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ രണ്ട് തിരിച്ചറിയല്‍ രേഖകള്‍മാത്രം നല്‍കിയാല്‍ ഇപ്പോള്‍ കണക്ഷന്‍ കിട്ടും. എന്നാല്‍, പല സ്ഥാപനങ്ങളും കണക്ഷനെടുത്തശേഷം പൂട്ടിപ്പോകാറുണ്ട്. ഇവരെ കണ്ടുപിടിച്ച് കുടിശ്ശികയീടാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനാണ് ആധാര്‍ നമ്പര്‍കൂടി പരിഗണിക്കുന്നത്.
ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ താത്പര്യമുള്ളവര്‍മാത്രം ആധാര്‍ നമ്പര്‍ നല്‍കുന്നതാണ് പരിഗണിക്കുന്നത്. വൈദ്യുതിബില്‍ കുടിശ്ശികയുണ്ടെന്ന പേരില്‍ സൈബര്‍ തട്ടിപ്പ് നടത്തുന്നതുതടയാന്‍ ഓണ്‍ലൈനില്‍ പണമടയ്ക്കുന്ന രീതി പരിഷ്‌കരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ബോര്‍ഡിന്റെ വൈബ്സൈറ്റില്‍ കയറി കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ആരുടെയും ബില്ലിന്റെ വിശദാംശങ്ങള്‍ കാണാം.
പണമടയ്ക്കാനുള്ള ക്യുക് പേ സംവിധാനത്തില്‍ മൊബൈല്‍ നമ്പര്‍മാത്രം നല്‍കിയാല്‍ വിവരങ്ങളറിയാം. ഇവയില്‍നിന്ന് തട്ടിപ്പുകാര്‍ വിവരം ശേഖരിക്കുന്നുണ്ടോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. അതിനാല്‍, ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി. രേഖപ്പെടുത്തിയശേഷംമാത്രം വിവിരങ്ങള്‍ കാണാനാകുന്ന രീതി ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്.