വാഷിങ്ടണ്‍: ആധുനിക കാലത്തിന്റെ ചാള്‍സ് ഡാര്‍വിന്‍ എന്നറിയപ്പെടുന്ന വിഖ്യാത അമേരിക്കന്‍ ജീവശാസ്ത്രജ്ഞന്‍ എഡ്വാര്‍ഡ് ഒ. വില്‍സണ്‍ (92) അന്തരിച്ചു. പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ അദ്ദേഹത്തിന്റെ വേര്‍പാട് ഇ.ഒ. വില്‍സണ്‍ ബയോഡൈവേഴ്‌സിറ്റി ഫൗണ്ടേഷനാണ് പുറത്തുവിട്ടത്.
ഫിറമോണ്‍ എന്ന ജൈവരാസപദാര്‍ഥം ഉപയോഗിച്ചാണ് ഉറുമ്പുകള്‍ ആശയവിനിമയം നടത്തുന്നതെന്ന് ആദ്യം കണ്ടെത്തിയത് വില്‍സനാണ്. ജൈവവൈവിധ്യം, ജീവിസ്‌നേഹം (ബയോഫിലിയ) എന്നീ വാക്കുകള്‍ ജീവശാസ്ത്രത്തിനു സംഭാവന ചെയ്തത് വില്‍സനാണ്.
പരിണാമ ജീവശാസ്ത്രത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ അദ്ദേഹമാണ് സാമൂഹിക ജീവശാസ്ത്രം എന്ന പഠനമേഖലയ്ക്ക് വിത്തിട്ടത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവികളുടെ സാമൂഹിക പെരുമാറ്റത്തിനു പിന്നിലെ ജീവശാസ്ത്രം അദ്ദേഹം ഈ പഠനമേഖലയിലൂടെ വെളിപ്പെടുത്തി.
ബെര്‍തോള്‍ഡ് ഹൊള്‍ഡൊബ്ലറുമായി ചേര്‍ന്നെഴുതിയ ഉറുമ്പ് (ദി ആന്റ്‌സ്) എന്ന ഗ്രന്ഥത്തിന് വില്‍സന് 1991-ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു.
അദ്ദേഹം പഠിപ്പിച്ച ഹാര്‍വാഡ് സര്‍വകലാശാലയിലെയും ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടവനായ വില്‍സണ്‍ ലോകത്തിലെ പ്രമുഖ ശാസ്ത്ര-സംരക്ഷണ സംഘടനകളുടെ ഉപദേശകന്‍ കൂടിയായിരുന്നെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. രണ്ടുതവണ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.