തിരുവനന്തപുരം: ബിജെപി ഭരണകൂടം കോണ്‍ഗ്രസിനെ തമസ്കരിച്ചു ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കാനുള്ള ദൗത്യം ഓരോ പ്രവര്‍ത്തകനും ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കെപിസിസി ആസ്ഥാനത്തു നടന്ന കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ പ്രവര്‍ത്തകനും കോണ്‍ഗ്രസിന്റെ ജിഹ്വകളായി മാറണം. തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കൂടുതല്‍ കരുത്താര്‍ജിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യയെ കരുത്തുറ്റ മതേതര ജനാധിപത്യ രാജ്യമാക്കിയ മേന്മ അവകാശപ്പെടാന്‍ കഴിയുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും സുധാകരന് പറഞ്ഞു.
രാജ്യത്ത് ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനു മാത്രമെ സാധിക്കൂയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയുടെ എതിരാളി കോണ്‍ഗ്രസ് മാത്രമാണ്. കേരളത്തില്‍ മാത്രമായി ചുരുങ്ങിയ സിപിഎമ്മിനു ബിജെപിയെ നേരിടാന്‍ ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.