തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ അടയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി വിലയിരുത്തി തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കിറ്റെക്സില്‍ പരിശോധന നടത്തിയ ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുഖ്യമന്ത്രിക്ക് കൈമാറും. തൊഴില്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ പ്രസ്താവന മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
സ്കൂളുകളില്‍ ഷിഫ്റ്റ്, ബാച്ച് നിയന്ത്രണങ്ങള്‍ നീക്കി പൂര്‍ണതോതില്‍ ക്ലാസുകള്‍ നടത്തുന്നത് ഒമിക്രോണ്‍ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷം മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞു സ്കൂള്‍ തുറക്കുമ്പോള്‍ പൂര്‍ണസമയ ക്ലാസുകള്‍ തുടങ്ങാന്‍ നേരത്തേ ആലോചനകളുണ്ടായിരുന്നു.
അതേസമയം ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നുമുതല്‍ ആരംഭിക്കും. ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീര്‍ഥാടകര്‍ക്ക് ഇളവുണ്ട്.
രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങള്‍ക്കും ദേവാലയ ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്കു രാത്രി പുറത്തിറങ്ങുന്നവര്‍ സ്വന്തം സാക്ഷ്യപത്രം കരുതണം.