ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ 29 കേന്ദ്രങ്ങളില്‍ കരിമരുന്നു പ്രയോഗം ഉള്‍പ്പെടെയുള്ള വന്‍ ആഘോഷ പരിപാടികളുമായി നഗരം ഒരുങ്ങുന്നു. എക്‌സ്‌പോ പ്രമാണിച്ച് കൂടുതല്‍ പരിപാടികള്‍ ഉള്‍പ്പെടുത്തി. ഗതാഗതം സുഗമമാക്കാനും തിരക്കൊഴിവാക്കാനും വിപുല ക്രമീകരണം.കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകും ഓരോ വേദിയിലും പരിപാടികള്‍ നടത്തുകയെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
മാസ്‌ക് ഇല്ലെങ്കില്‍ പിഴ 3,000 ദിര്‍ഹം
ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം (60,000 രൂപയിലേറെ) പിഴ ചുമത്തും. നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും. അകലം പാലിക്കുകയും തിരക്കൊഴിവാക്കുകയും വേണം. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ആഘോഷവേദികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നതാണ് സുരക്ഷിതം.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണില്‍ പുതുവത്സര രാവില്‍ ‘വിസ്മയ സായാഹ്നം’ എന്ന പേരില്‍ ലൈറ്റ്-ലേസര്‍ ഷോ ഉള്‍പ്പെടെയുള്ള ആഘോഷം അരങ്ങേറും. കരിമരുന്നു പ്രയോഗം, സംഗീത-നൃത്തമേളം, ഘോഷയാത്ര എന്നിവയാണ് മറ്റു പരിപാടികള്‍.
പരിപാടികള്‍ രാത്രി 8.30 മുതല്‍ ലൈവ് ആയി ആസ്വദിക്കാം. സൈറ്റ്: mydubainewyear.com.
ഇമാര്‍ ബൊലേവാഡിലെ താമസക്കാര്‍ക്കും മറ്റും ആഘോഷത്തില്‍ പങ്കെടുക്കാന്‍ ‘യു ബൈ ഇമാര്‍ ആപ്’ വഴി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.