പത്തനംതിട്ട: മുറിവേറ്റ നിലയില്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പിടികൂടിയ പുലിക്കുട്ടി ചത്തു. മുള്ളന്‍ പന്നിയുടെ മുള്ളുകളേറ്റുണ്ടായ ഗുരുതര മുറിവാണ് മരണ കാരണം. കോന്നി റേഞ്ച് ഓഫിസില്‍ വെറ്ററിനറി സര്‍ജന്‍മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം ദേശീയ കടുവ സംരക്ഷണ സമിതി പ്രോട്ടോക്കോള്‍ പ്രകാരം ദഹിപ്പിച്ചു.
ഗൂഡ്രിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ആങ്ങമൂഴിക്കു സമീപം മുരുക്കിനി തിരുവല്ലാലുങ്കല്‍ സുരേഷിന്റെ വീടിനോടു ചേര്‍ന്ന ആട്ടിന്‍കൂട്ടില്‍ ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. ആളുകളെ കണ്ടപ്പോള്‍ ഇറങ്ങിയോടിയ പുലിയെ വനപാലകര്‍ ടാര്‍പോളിന്‍ ഷീറ്റിട്ടു മൂടി പിടികൂടുകയായിരുന്നു.
അവശനിലയിലായിരുന്ന പുലിയെ അന്നു വൈകിട്ടു തന്നെ ചികിത്സയ്ക്കായി കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വലതു കയ്യിലും കരളിലും മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ തറച്ച് ആഴത്തില്‍ പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി മുള്ളുകള്‍ പുറത്തെടുത്ത ശേഷം രാത്രി കോന്നി റേഞ്ച് ഓഫിസിലെത്തിച്ച് വനപാലകരുടെ നിരീക്ഷണത്തിലാക്കിയിരുന്നു.
ആരോഗ്യം വീണ്ടെടുത്ത ശേഷം കാട്ടില്‍ തുറന്നു വിടാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ 2ന് ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായി പുലി ചാകുകയായിരുന്നു. ആണ്‍ വര്‍ഗത്തില്‍പെട്ട പുലിക്ക് 8 മാസത്തോളം പ്രായം വരും. കുറെ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു. വയറ്റില്‍ നിന്ന് തുണിയും കണ്ടെത്തിയിരുന്നു.