തിരുവനന്തപുരം സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിന് അള്ളുവയ്ക്കുന്ന നടപടി അനുവദിക്കില്ലെന്നും ഒരു തരത്തിലും ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായാണോ നടന്നതെന്നു പരിശോധിക്കണം. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. വിഷയം വകുപ്പു മേധാവിയുടെ ശ്രദ്ധയില്‍പെടുത്തി. അന്വേഷണം നടത്തി നടപടി സ്വീകരിക്കും. നടന്നതു ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടിയാണെന്നും റിയാസ് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ‘പൊളൈറ്റ് പൊലീസിങ്’ സംവിധാനമാണ് വേണ്ടതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പിന്നീടു കോഴിക്കോട്ടു പ്രതികരിച്ചു. കോവളത്തു നടന്നത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. എന്നാല്‍ അത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും പാടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തേണ്ട കാലമാണിത്. വിദേശ സഞ്ചാരികളോട് മാന്യമായി പെരുമാറാന്‍ പൊലീസ് തയാറാവണം. വിനയത്തോടെയാവണം വിദേശസഞ്ചാരികളോട് പെരുമാറേണ്ടത്. പൊതുജനങ്ങളും യുവജനസംഘടനകളും അതിഥി ദേവോ ഭവ എന്ന മനോഭാവത്തോടെ ഒരുമിച്ചു നില്‍ക്കണം.
പൊലീസ് അസോസിയേഷന്റെ ആരോപണങ്ങളില്‍ താനല്ല മറുപടി പറയേണ്ടത്. വിദേശിയുടെ ഭാഗത്ത് തെറ്റുണ്ടോ, പൊലീസിനാണോ വീഴ്ച പറ്റിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. ബേപ്പൂര്‍ ഫെസ്റ്റില്‍ ഒരു പെറ്റിക്കേസ് പോലും പൊലീസ് എടുത്തിട്ടില്ല. വിനോദസഞ്ചാരികളോട് പൊലീസിന്റെ നല്ല പെരുമാറ്റത്തിന് ബേപ്പൂര്‍ മാതൃകയാണ്. ഈ ബേപ്പൂര്‍ മാതൃക എല്ലായിടത്തും നടപ്പാക്കണമെന്നും റിയാസ് പറഞ്ഞു.