ഷാര്‍ജ: ശക്തമായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ കാര്‍ യാത്രക്കാരായ മൂന്നു പേരെ ഷാര്‍ജ പൊലീസ് രക്ഷപ്പെടുത്തി. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് ഏഷ്യക്കാരുടെ കാര്‍ പതിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ ഖോര്‍ ഫക്കന് സ്റ്റേഷനില്‍ നിന്നുള്ള സംഘം മൂന്നു പേരെയും രക്ഷപ്പെടുത്തി. ആര്‍ക്കും പരുക്കില്ല.
കഴിഞ്ഞ രണ്ടു ദിവസമായി യുഎഇയില്‍ കനത്ത മഴ പെയ്തിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും വാദികള്‍ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കാനും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഈ ആഴ്ച കൂടുതല്‍ മഴ ലഭിക്കുമെന്നു വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാലാവസ്ഥ വീണ്ടും മാറും. ഒറ്റ രാത്രികൊണ്ട് രാജ്യത്തുടനീളം വ്യാപിച്ച മഴയേക്കാള്‍ കൂടുതല്‍ ഈ ദിവസങ്ങളില്‍ പെയ്യും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിഅധികൃതര് പറഞ്ഞു. പ്രത്യേകിച്ച് തിങ്കള്‍ മുതല്‍ ചൊവ്വ വരെ. ഇത് ഏതാണ്ടു രാജ്യത്തെ മുഴുവന്‍ ബാധിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി അബുദാബിയിലും ദുബായിലും വളരെ ചെറിയ മഴയാണ് അനുഭവപ്പെട്ടത്. വടക്കന്‍ മേഖലയിലാണ് മഴ കൂടുതലായി പെയ്യുന്നത്.