
ന്യൂഡല്‍ഹി : കോവിഡ് വാക്സിനേഷനില്‍ പുതിയ നേട്ടവുമായി ഇന്ത്യ. വെള്ളിയാഴ്ച, രാജ്യത്തെ പ്രതിദിന ഡോസ് വിതരണം രണ്ടു കോടി കടന്നു. രാത്രി 9.30 വരെ ഏകദേശം 2.25 കോടിയോളം വാക്സീന് വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച്, വാക്സീന് വിതരണത്തില്‍ ചൈനയുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
ജൂണ്‍ 24ന് ചൈനയില്‍ 2.47 കോടി ഡോസ് വാക്സീന് വിതരണം ചെയ്തിരുന്നു. ഈ റെക്കോര്‍ഡ് മറികടക്കുകയാണ് ലക്ഷ്യം. മോദിയുടെ ജന്മദിനത്തില്, കോവിഡ് വാക്സിനേഷനില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബിജെപിയുടെ ആരോഗ്യവിഭാഗം വൊളന്റിയര്‍മാര്‍ ഊര്ജിതശ്രമത്തിലായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രത്യേക വാക്സിനേഷന് യജ്ഞം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാജ്യത്തെ വാക്സിനേഷന് ഒരു കോടി ഡോസ് പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.
വാക്സിനേഷനില്‍ രാജ്യം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനമായി നല്‍കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ചത്തെ വാക്സിനേഷന് സംഖ്യയില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ‘പ്രതിരോധ കുത്തിവയ്പ് വിജയകരമാക്കാന്‍ പരിശ്രമിച്ച നമ്മുടെ ഡോക്ടര്‍മാര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, നഴ്സുമാര്‍, മുന്നണി പോരാളികള്‍ എന്നിവരെയെല്ലാം അംഗീകരിക്കുക. കോവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് പ്രതിരോധ കുത്തിവയ്പ് തുടരാം.’- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.